ആര്‍ദ്രതയോടെയുള്ള ശുശ്രൂഷ സമീപനം ആതുര സേവനത്തിന്റെ മുഖമുദ്ര - മന്ത്രി വി.എന്‍ വാസവന്‍
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സാമൂഹിക അവബോധ പഠനശിബിരത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) രഞ്ജിനി ജോസ്, പിങ്കി ജോസ്, സിസ്റ്റര്‍ സ്റ്റാര്‍ലി എസ്.വി.എം, നിര്‍മ്മലാ ജിമ്മി, തോമസ് ചാഴികാടന്‍ എം.പി, ഫാ. സുനില്‍ പെരുമാനൂര്‍, മെര്‍ലിന്‍ തോമസ്, അന്‍സു സിബി എന്നിവര്‍ സമീപം.

ആര്‍ദ്രതയോടെയുള്ള ശുശ്രൂഷ സമീപനം ആതുര സേവനത്തിന്റെ മുഖമുദ്ര - മന്ത്രി വി.എന്‍ വാസവന്‍

- ഉള്‍ക്കാഴ്ച - നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാമൂഹിക അവബോധ പഠനശിബിരം സംഘടിപ്പിച്ചു

കോട്ടയം: ആര്‍ദ്രതയോടെയുള്ള ശുശ്രൂഷ സമീപനം ആതുരസേവനത്തിന്റെ മുഖമുദ്രയാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ഉള്‍ക്കാഴ്ച എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സാമൂഹിക അവബോധ പഠനശിബിരത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ള കരുതലിന്റെ മാലാഖമാരായി നേഴ്‌സിംഗ് സമൂഹം മാറുമ്പോഴാണ് ആരോഗ്യസുരക്ഷ സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യത്തിന്റെ ശുശ്രൂഷ രോഗികള്‍ക്ക് പകര്‍ന്നു നല്‍കുന്നതോടൊപ്പം സാമൂഹിക അവബോധം ഉള്ളവരായി പ്രവര്‍ത്തിക്കുവാനും നേഴ്‌സുമാര്‍ക്ക് കഴിയണമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിംഗ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റാര്‍ലി എസ്.വി.എം. എന്നിവര്‍ പ്രസംഗിച്ചു. പഠനശിബിരത്തിന്റെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസ്സും ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് അന്ധബധിര വൈകല്യമുള്ള വ്യക്തികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ക്കായി ലഭ്യമാക്കേണ്ട ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.