ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാളികേര ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തു നിന്ന്) ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫാ. സുനില്‍ പെരുമാനൂര്‍, നിര്‍മ്മലാ ജിമ്മി, ടോജോ എം. തോമസ്, ആലീസ് ജോസഫ്, ബീനാ ജോര്‍ജ്ജ്, മോഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ സമീപം.
സെപ്റ്റംബര്‍ 2 നാളികേര ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. നാളികേര മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ശാസ്ത്രീയ പഠനങ്ങളോടൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനവും കാലിക പ്രസക്തമായ വിഷയമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നാളികേര കൃഷി ആദയകരവും പ്രയോജനപ്രദവുമായ രീതിയില്‍ മാറ്റിയെടുക്കുവാന്‍ കൃഷിവകുപ്പിന്റെയും കര്‍ഷകരുടെയും കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷികമേഖലയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നാടിന്റെ സമഗ്രവികസനമാണ് സാധ്യമാകുന്നതെന്ന് അവര്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ബീനാ ജോര്‍ജ്ജ്, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം തോമസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രവര്‍ത്തനഗ്രാമങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കേര കര്‍ഷകരെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും തെങ്ങും തൈയും നല്‍കി ആദരിച്ചു. കടുത്തുരുത്തി മേഖലയില്‍ നിന്നും ഉള്ള ലൂക്കാച്ചന്‍ മംഗളായിപറമ്പില്‍, കൈപ്പുഴ മേഖലയില്‍ മേഖലയില്‍ നിന്നും ഉള്ള പി.ജെ ലൂക്കോസ് പടിഞ്ഞാറേക്കാട്ടില്‍, കിടങ്ങൂര്‍ മേഖലയില്‍ നിന്നും ഉള്ള മാത്യു പി.ജെ പുല്ലുവേലില്‍, ജോണ്‍ മാവേലില്‍, ഉഴവൂര്‍ മേഖലയില്‍ നിന്നും ഉള്ള തോമസ് തൈപ്പുരയിടത്തില്‍, ഇടയ്ക്കാട്ട് മേഖലയില്‍ നിന്നും ഉള്ള റെജിമോന്‍ വി.റ്റി വട്ടപ്പാറ എന്നിവരെയാണ് ആദരിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോക്കനട്ട് ഒളിമ്പിക്‌സ് മത്സരത്തിന്റെ ഉദ്ഘാടനം കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം തോമസ് നിര്‍വ്വഹിച്ചു. മത്സരത്തില്‍ കൈപ്പുഴ മേഖലയില്‍ നിന്നും ഉള്ള ബെന്നി കെ. തോമസ്, കടുത്തുരുത്തി മേഖലയില്‍ നിന്നും ഉള്ള സജീവ് പി.എന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ദിനാചരണത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കായി കെ.എസ്.എസ്.എസ് തെങ്ങിന്‍ തൈകളും വിതരണം ചെയ്തു.