
ഫോട്ടോ: വയോജനകേന്ദ്രങ്ങൾക്കായി എറണാകുളം-അങ്കമാലി അതിരൂപത നൽകുന്ന കോവിഡ് പ്രതിരോധകിറ്റുകളുടെ വിതരണോദ്‌ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കുന്നു. സാബു ജോർജ്ജ്, ഫാ. ജോയി അയനിയാടൻ, ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, സിസ്റ്റർ മരിയ, ഫാ. ഹോർമിസ് മൈനാട്ടി, ഫാ. ജോസ് പുതിയേടത്ത് എന്നിവർ സമീപം.
സമൂഹം ഗുരുതര പ്രതിസന്ധി നേരിടുന്ന കോവിഡ് കാലഘട്ടത്തിൽ സമാശ്വാസപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ എറണാകുളം-അങ്കമാലി അതിരൂപത പോലുള്ള പ്രസ്ഥാനങ്ങൾ സർക്കാരിനൊപ്പം ഉണ്ടെന്നുള്ളത് ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപത, സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ വഴി നടപ്പാക്കുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി കോവിഡ് രോഗം മൂലം ബുദ്ധിമുട്ടുന്ന പതിനായിരം കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യകിറ്റുകളുടെയും 45 വയോജന,ഭിന്നശേഷി പരിപാലന കേന്ദ്രങ്ങൾക്ക് നൽകുന്ന കോവിഡ് പ്രതിരോധകിറ്റുകളുടെയും വിതരണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെടുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും അതിരൂപത നൽകുന്ന കരുതലും സേവനവും എത്ര അഭിനന്ദിച്ചാലും മതിയാകാത്ത മാതൃകാപരമായ പ്രവർത്തനമാണ്. .കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കുന്ന സംരംഭകർക്ക് വൈദ്യുതി ഇളവ് നൽകുന്നകാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.