സീറോ മലബാര്‍ സഭയില്‍ ഹയരാര്‍ക്കി സ്ഥാപിച്ചതിന്റെയും എറണാകുളം വികാരിയാത്തിനെ അതിന്റെ ആസ്ഥാന അതിരൂപതയായി ഉയര്‍ത്തിയതിന്റെയും ശതാബ്ദി ആഘോഷ സ്മരണയുടെ സമാപനവേളയിലാണ് നാം. തൃക്കാക്കര ഭാരത മാതാ കോളജ് അങ്കണത്തിലെ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ നഗറില്‍ സമൂഹബലിയും പൊതുസമ്മേളനവും ഉള്‍പ്പെടുത്തി ഡിസംബര്‍ 10-നാണ് അതിരൂപത, സമാപനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശതാബ്ദി പ്രയാണങ്ങള്‍ അന്നു 2.45 PM നു തൃക്കാക്കര ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ എത്തിച്ചേരുന്നു.
കോക്കമംഗലത്തു നിന്ന് ദീപശിഖ,
പള്ളിപ്പുറത്തുനിന്ന് കുരിശ്,
ചെമ്പില്‍ നിന്ന് മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ ഛായാചിത്രം,
ബസിലിക്കയില്‍ നിന്ന് ശതാബ്ദി തിരി,
കോട്ടക്കാവില്‍ നിന്ന് പതാക,
അങ്കമാലി കിഴക്കേ പള്ളിയില്‍ നിന്നു ബൈബിള്‍,
മലയാറ്റൂരില്‍ നിന്നു തോമാശ്ലീഹായുടെ ഛായാചിത്രം
എന്നിവ വഹിച്ചു കൊണ്ടുള്ളതാണു ശതാബ്ദി പ്രയാണങ്ങള്‍. 3.00 PM നു ഈ പ്രയാണങ്ങള്‍ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. 3.30 PM നു പ്രയാണങ്ങള്‍ക്ക് പ്രധാന കവാടത്തില്‍ സ്വീകരണം നല്‍കും.
3.30 PM നു വൈദികര്‍ ഭാരത മാതാ കോളജ് പ്രധാന ഓഡിറ്റോറിയത്തില്‍ വച്ചു തിരുവസ്ത്രങ്ങള്‍ അണിയുന്നു. 3.40 PM നു ബലിവേദിയിലേക്കുള്ള പ്രദക്ഷിണം ആരംഭിക്കും. 4.00 PM നു സമൂഹബലി.
5.20 PM നു റിഫ്രഷ്‌മെന്റിനു ശേഷം 5.30 PM നു പൊതുസമ്മേളനം മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മോണ്‍. ആന്റണി നരികുളം അധ്യക്ഷം വഹിക്കും. ഫാ. ജോയ്‌സ് കൈതക്കോട്ടിലിന്റെ പുസ്തക പരിചയവും തുടര്‍ന്ന് പ്രകാശനവും നിര്‍വഹിക്കപ്പെടും. ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ഫാ. ബെന്നി നല്‍ക്കര ഇങക, സിസ്റ്റര്‍ ആലീസ് ലൂക്കോസ്, പി പി ജരാര്‍ദ്, ഫാ. ജോസഫ് പാറേക്കാട്ടില്‍, ഷിജോ മാത്യു എന്നിവര്‍ പ്രസംഗിക്കും. 6.30 PM നു സഹൃദയ മെലഡീസ് (ഭിന്നശേഷിക്കാര്‍) അവതരിപ്പിക്കുന്ന സംഗീത നിശ. 7.30 PM നു പരിപാടികള്‍ സമാപിക്കും.
സമൂഹബലിക്കായി എല്ലാവരും കൃത്യം 3.30 PM ന് ഭാരത മാതാ കോളജ് പ്രധാന ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്നു സംഘാടകര്‍ അറിയിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഗോള്‍ഡന്‍ കാപ്പ അവരവര്‍ കൊണ്ടുവരണം. ഓരോ ഫൊറോനയുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്തിന്റെ വിശദ വിവരങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നല്‍കുന്ന തായിരിക്കുമെന്നും ജനറല്‍ കണ്‍വീനറായ ഫാ. ജോസ് ഇടശ്ശേരി അറിയിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 30 മുതല്‍ വിവിധ പരിപാടികളോടെ നടന്നു വരികയായിരുന്നു. നവംബര്‍ 30 വ്യാഴാഴ്ച പൂര്‍വികരുടെ സ്മരണയ്ക്കു വേണ്ടിയുള്ള ദിവ്യബലി എല്ലാ പള്ളികളിലും അര്‍പ്പിച്ചു. കിടങ്ങൂര്‍ ഉണ്ണിമിശിഹാപള്ളിയില്‍ പ്രത്യേക ശുശ്രൂഷയും അന്നുണ്ടായിരുന്നു. ഡിസംബര്‍ 1 വെള്ളി ആരാധന ദിനമായി ആചരിച്ചു. പറവൂര്‍ കോട്ടക്കാവ് പള്ളിയില്‍ പ്രത്യേക ശുശ്രൂഷ നടത്തി.
ഡിസംബര്‍ 2 ശനിയാഴ്ച തൃക്കാക്കര ഭാരത മാതാ കോളജില്‍ സത്യദീപം വാരികയുടെ നേതൃത്വത്തില്‍ ശതാബ്ദി ക്വിസ് നടത്തി. ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ ഭിന്നശേഷി ദിനാചരണം സഹൃദയ സംഘടിപ്പിച്ചു. ഡിസംബര്‍ 3 ഞായറാഴ്ച സോണല്‍ യുവജന കണ്‍വെന്‍ഷനുകള്‍ കാഞ്ഞൂര്‍, കളമശ്ശേരി, മുട്ടം ഫൊറോന പള്ളികളില്‍ നടത്തി. കെ സി വൈ എം, സി എല്‍ സി, സി എം എല്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നുവത്. ഡിസംബര്‍ 4-ന് കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ അധ്യാപക സംഗമം, ഡിസംബര്‍ 5 ന് മേഖല വൈദിക സന്യസ്ത സംഗമങ്ങള്‍, ഡിസംബര്‍ 6-ന് ഉദയംപേരൂര്‍ സൂനഹദോസ് പള്ളിയില്‍ സുബോധനയുടെ ആഭിമുഖ്യത്തില്‍ ചരിത്ര സെമിനാര്‍, ഡിസംബര്‍ 7-ന് കാലടി ജീവാലയയിലെ ഫാമിലി പാര്‍ക്കില്‍ ഫാമിലി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബപ്രേക്ഷിത കൂട്ടായ്മ, ഡിസംബര്‍ 8 നു കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വിമന്‍ വെല്‍ഫെയര്‍ സര്‍വീസസിന്റെ നേതൃത്വത്തില്‍ വനിതാ സംഗമം, ഡിസംബര്‍ 9 നു 16 ഫൊറോനകളില്‍ മതബോധന വിഭാഗത്തിന്റെയും തിരുബാല സഖ്യത്തിന്റെയും ആഭിമുഖ്യത്തില്‍ ബാലികാബാലന്മാരുടെ കൂട്ടായ്മ എന്നിവയായിരുന്നു മറ്റു പരിപാടികള്‍.
1923 ഡിസംബര്‍ 3-നു കൂടിയ പൗരസ്ത്യ തിരുസംഘത്തിന്റെ പ്ലീനറി യോഗത്തിലാണ് എറണാകുളം കേന്ദ്രമാക്കി സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അതനുസരിച്ച് പതിനൊന്നാമന്‍ പീയൂസ് പാപ്പ 1923 ഡിസംബര്‍ 21-ലെ 'ഞീാമിശ ജീിശേളശരല'െ (റൊമാനി പൊന്തിഫിച്ചസ്) എന്നു തുടങ്ങുന്ന അപ്പസ്‌തോലിക് കോണ്‍സ്റ്റിറ്റിയൂഷന്‍ വഴി എറണാകുളത്തെ അതിരൂപതയായും ചങ്ങനാശ്ശേരി, തൃശ്ശൂര്‍, കോട്ടയം വികാരിയാത്തുകളെ സാമന്ത രൂപതകളായും ഉയര്‍ത്തി സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കുകയും മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിനെ മെത്രാപ്പോലീത്തയായും ഹയരാര്‍ക്കിയുടെ തലവനായും നിശ്ചയിക്കുകയും ചെയ്തു.
തുടര്‍ന്നിങ്ങോട്ട് അതിരൂപതയും സഭയും അതിന്റെ സ്വയാധികാര സ്വഭാവത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള പ്രയാണത്തിലായിരുന്നു. അത് പൂര്‍ത്തിയാക്കപ്പെട്ടത് 1992-ല്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെടുകയും പ്രഥമ സഭാതലവനായി എറണാകുളം അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്റണി കാര്‍ഡിനല്‍ പടിയറ, മേജര്‍ ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെടുകയും ചെയ്ത വേളയിലായിരുന്നു. സഭയുടെ പേര് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ഓഫ് എറണാകുളം-അങ്കമാലി എന്നാക്കി പുനര്‍ നിര്‍വചിക്കുകയും ചെയ്തു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃപദവി ഒന്നുകൂടി ഉറപ്പിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്.ചരിത്രപരമായും ഭൂമിശാസ്ത്രപരമായും അതിനുള്ള യോഗ്യത എക്കാലവും എറണാകുളത്തിനുണ്ടായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ 6,55,000 കത്തോലിക്കരും, 1,15,069 കുടുംബങ്ങളുമുണ്ട്. 220 ഇടവകകളും, 115 കുരിശുപള്ളികളുമുള്ള അതിരൂപതയില്‍ 469 വൈദികരും, 64 മേജര്‍ സെമിനാരി വിദ്യാര്‍ത്ഥികളും, 72 മൈനര്‍ സെമിനാരി വിദ്യാര്‍ത്ഥികളുമുണ്ട്. ഇക്കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്കകത്തും പുറത്തും പുതിയ രൂപതകള്‍ സ്ഥാപിച്ചുകൊണ്ട് ആഗോള മിഷനറി സഭയായി സീറോ മലബാര്‍ സഭയും സഭയിലെ ഏറ്റവും വലിയ അതിരൂപതയായി എറണാകുളവും വളര്‍ന്നു.