അസ്സീസിയിൽ മലയാള മുദ്ര: വിശുദ്ധ ഫ്രാൻസിസിന്റെ 'കാന്റിക്കിൾ ഓഫ് ദ സൺ' മലയാളത്തിൽ - പോപ്പ് ലിയോ XIV ഓഗസ്റ്റ് 6-ന് പ്രകാശനം ചെയ്യും

Malayalam stamp in Assisi: Saint Francis' 'Canticle of the Sun' in Malayalam - to be released by Pope Leo XIV on August 6
Published on

അസീസി (ഇറ്റലി): വിശുദ്ധ ഫ്രാൻസിസ് അസീസി എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തിന് സമർപ്പിച്ച അമൂല്യ ആത്മീയ-സാഹിത്യ പൈതൃകമായ Canticle of the Sun (സൂര്യകീർത്തനം) ന്റെ പുതിയ മലയാള പരിഭാഷ ഓഗസ്റ്റ് 6-ന് ഇറ്റലിയിലെ അസീസിയിൽ പരിശുദ്ധ പിതാവ് പോപ്പ് ലിയോ XIV പ്രകാശനം ചെയ്യും. വിശുദ്ധ ഫ്രാൻസിസിന്റെ ആത്മീയതയ്ക്കും സൃഷ്ടിയോടുള്ള സ്നേഹത്തിനും പുതിയ ഭാഷാപരമായ മാനങ്ങൾ സമ്മാനിക്കുന്ന ഈ ചടങ്ങ് ആഗോള ഫ്രാൻസിസ്‌കൻ കുടുംബത്തിനും കേരളസഭയ്ക്കും ഒരുപോലെ അഭിമാന നിമിഷമാകും.

വിശുദ്ധ ഫ്രാൻസിസിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന അസീസിയിലെ ബസിലിക്ക ഓഫ് സെന്റ് ഫ്രാൻസിസിൽ സേവനം ചെയ്യുന്ന മലയാളി ഫ്രാൻസിസ്‌കൻ കൺവെൻച്വൽ വൈദികനായ ഫാ. ഫിലിപ്പ് കരോട്ടപ്പുറം OFM Conv. ആണ് ഈ അമൂല്യ കൃതി മലയാളത്തിലേക്ക് പുതിയ തലങ്ങളോടെ വിവർത്തനം ചെയ്തിരിക്കുന്നത്. വിശുദ്ധ ഫ്രാൻസിസിന്റെ യഥാർത്ഥ ആത്മീയ ഭാവവും കവിതാത്മക സൗന്ദര്യവും സംരക്ഷിച്ചുകൊണ്ട് മലയാളത്തിന്റെ ഹൃദയസ്പർശിയായ ഭാഷാശൈലിയിൽ രൂപപ്പെടുത്തിയിരിക്കുന്ന ഈ വിവർത്തനം, മലയാള ക്രൈസ്‌തവ സംഗീത ശാഖയിലെ ശ്രദ്ധേയമായ സംഭാവനയായിരിക്കും.

മലയാള രൂപാന്തരത്തിന് സംഗീതാവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. വിവിധ ഫ്രാൻസിസ്‌കൻ സന്യാസസഭകളിലെ 117 അംഗങ്ങൾ ഒരുമിച്ച് ആലപിച്ച 'സൂര്യകീർത്തനം' (Canticle of the Sun) യൂട്യൂബിൽ ഓഗസ്റ്റ് 6നു തന്നെ റിലീസ് ചെയ്യും.

വിശുദ്ധ ഫ്രാൻസിസ് അസീസി ഏകദേശം 1225-ൽ രചിച്ച സ്‌തുതിഗീതമാണ് സൂര്യകീർത്തനം അഥവാ സൃഷ്ടികീർത്തനം. ഇറ്റാലിയൻ സാഹിത്യത്തിലെ വ്യക്തമായ കർത്തൃത്വമുള്ള ഏറ്റവും പുരാതന കൃതികളിലൊന്നായും ഇത് അംഗീകരിക്കപ്പെടുന്നു. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, കാറ്റ്, ജലം, അഗ്നി, ഭൂമി തുടങ്ങിയ സകല സൃഷ്ടികളെയും സഹോദരങ്ങളായി അഭിസംബോധന ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തുന്ന ഈ ഗാനം, സൃഷ്ടിയുമായുള്ള മനുഷ്യന്റെ ആത്മബന്ധത്തെ അപൂർവമായ കവിതാഭാഷയിൽ അവതരിപ്പിക്കുന്നു.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്‌പര ബഹുമാനവും, സകല സ്യഷ്ടികളോടുമുള്ള കരുതലും, ദൈവത്തോടുള്ള നന്ദിയും ഈ സ്തുതിഗീതത്തിന്റെ കേന്ദ്രസന്ദേശമാണ്. അതുകൊണ്ടുതന്നെ എട്ടാം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഈ കൃതി പുതിയ ഭാവത്തിൽ മലയാളത്തിൽ എത്തുന്നത് ഫ്രാൻസിസ്‌കൻ ആത്മീയതയുടെ സുവർണ്ണ സ്പർശം അനുവാചകരിലുണർത്തും.

വിശുദ്ധ ഫ്രാൻസിസിന്റെ ജന്മനാടായ അസീസിയിൽ, ഒരു മലയാളി ഒരുക്കിയ വിവർത്തനം പരിശുദ്ധ പിതാവ് പ്രകാശനം ചെയ്യുന്നതും നൂറിലധികം ഫ്രാൻസിസ്‌കൻ സമർപ്പിതർ ചേർന്ന് മലയാളത്തിൽ ആലപിക്കുന്നതും മലയാള ഭാഷയ്ക്കും കേരളത്തിലെ ഫ്രാൻസിസ്‌കൻ സമൂഹത്തിനും ചരിത്രപരമായ അംഗീകാരം കൂടെയാണ്.

ഈ ചരിത്രപരമായ പ്രകാശനത്തിലൂടെ വിശുദ്ധ ഫ്രാൻസിസിന്റെ എട്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള സ്യഷ്ടിസ്‌തുതി മലയാളത്തിന്റെ മാധുര്യത്തിൽ ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികളിലേക്കും ആത്മീയതയെ സ്നേഹിക്കുന്ന ഏവരിലേക്കും എത്തിച്ചേരും എന്ന പ്രതീക്ഷയിലാണ് സംഘാടകർ.

logo
Sathyadeepam Online
www.sathyadeepam.org