
പൊടിമറ്റം: വൈദിക സന്യസ്ത സമര്‍പ്പിത സമൂഹത്തിലൂടെ പൊതുസമൂഹത്തില്‍ ദൈവരാജ്യം പ്രകാശിക്കണമെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍.
പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷങ്ങളോടനുബന്ധിച്ചുള്ള 'സമര്‍പ്പിത സംഗമം 2022' ന് ആരംഭം കുറിച്ചുള്ള സമൂഹബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍ മുരിക്കന്‍. പത്രോസിന്റെ നിഴലിനുവേണ്ടി പോലും ആദിമ സഭാമക്കള്‍ കാത്തിരുന്നതുപോലെ സഭാമക്കളിലും പൊതുസമൂഹത്തിലും പ്രതീക്ഷകളേകുവാനും നന്മകള്‍ വര്‍ഷിക്കാനും സമര്‍പ്പിതര്‍ക്കാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇടവകയുടെ സുവര്‍ണ്ണജൂബിലിയാഘോഷ സ്മാരകമായി സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്ഷത്തൈ നട്ടു.
സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമര്‍പ്പിത സമ്മേളനവും മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്യുന്ന ഇടവകാംഗങ്ങളായ വൈദികരെയും സന്യാസിനിമാരെയും സഭയുടെയും സമൂഹത്തിന്റെയും വിവിധതലങ്ങളില്‍ സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തരെയും പൗരോഹിത്യ സമര്‍പ്പിത ജൂബിലി ആഘോഷിക്കുന്നവരെയും സമ്മേളനത്തില്‍ ആദരിച്ചു. ഇടവകയ്ക്കുള്ളിലെ സന്യാസകേന്ദ്രങ്ങള്‍ക്കും സഭാസ്ഥാപനങ്ങള്‍ക്കും പ്രത്യേക സുവര്‍ണ ജൂബിലി ഉപഹാരങ്ങള്‍ നല്‍കി.
സഹ വികാരി ഫാ. സിബി കുരിശുംമൂട്ടില്‍, സിസ്റ്റര്‍ സാലി സിഎംസി എന്നിവര്‍ പ്രസംഗിച്ചു. ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍,സിസ്റ്റര്‍ ലിന്‍സി സി. എം. സി, സിസ്റ്റര്‍ അര്‍ച്ചന എഫ്. സി. സി, ജൂബിലി കമ്മിറ്റി അംഗങ്ങള്‍, കൈക്കാരന്മാര്‍ എന്നിവര്‍ സുവര്‍ണ ജൂബിലി സമര്‍പ്പിതസംഗമത്തിന് നേതൃത്വം നല്‍കി.