മനുഷ്യന്റെ അന്തരംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഭാവഭേദങ്ങളാണ് ചാവറ പിതാവിന്റെ സാഹിത്യ രചനകള്‍ : പ്രൊഫ. എം കെ സാനു

മനുഷ്യന്റെ അന്തരംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഭാവഭേദങ്ങളാണ് ചാവറ പിതാവിന്റെ സാഹിത്യ രചനകള്‍ : പ്രൊഫ. എം കെ സാനു
Published on

കൊച്ചി: കുമാരനാശാന്റെ വീണപൂവ് പ്രകാശിതമായ കാലത്താണ് ചാവറയച്ചന്‍ ആത്മാനുതാപം രചിക്കുന്നത്, മനുഷ്യന്റെ അന്തരംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഭാവഭേദങ്ങളാണ് ആ രചനയിലുടനീളമെന്ന് പ്രൊഫ. എം കെ സാനു അഭിപ്രായപ്പെട്ടു.

മഹാത്മാ ഗാന്ധിജി സര്‍വകലാശാല ചാവറ ചെയറും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ തിരിതെളിയിച്ച്, ചാവറ പിതാവിന്റെ സാഹിത്യ ദര്ശനത്തെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രക്തസാക്ഷ്യം വഹിച്ച അനാത്യാസ്യായെക്കുറിച്ചുള്ള ഖണ്ഡകാവ്യം വളരെ ഹൃദ്യമായാണ്

അവതരിപ്പിച്ചിരിക്കുന്നതെന്നും സാനു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സി എം ഐ സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലറും ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാനുമായ റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് സെമിനാര്‍ ഉദഘാടന പ്രസംഗം നടത്തി.

ഉദാത്തമായ ആദര്‍ശങ്ങളാണ് ചാവറപിതാവിന്റെ രചനകളെന്നും കേരളത്തില്‍ നാടകം എന്തെന്നറിയാതിരുന്ന കാലത്താണ് ഇകലോഗ് എന്ന ഇടയനാടകം എഴുതി അവതരിപ്പിച്ചതെന്നും സാഹോദര്യഭാവം നഷ്ടപ്പെട്ടു മനുഷ്യര്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുകയാണെന്നും

ഈ കാലഘട്ടത്തിലും ചാവറയച്ചന്റെ ആദര്‍ശങ്ങളും ദര്‍ശനങ്ങളും വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് അഭിപ്രായപ്പെട്ടു. ചാവറയച്ചന്റെ വിദ്യാഭ്യാസ നിലപാടുകളും ദര്‍ശനങ്ങളും എന്ന വിഷയത്തില്‍ പ്രൊഫ. ജോര്‍ജ് ജോസഫും, കേരള നവോത്ഥാന ചരിത്രവും ചാവറപിതാവും എന്ന വിഷയത്തില്‍ റാം മോഹന്‍ പാലിയത്തും പ്രഭാഷണം നടത്തി.

മഹാത്മാ ഗാന്ധി സര്‍വകലാശാല ചാവറ ചെയര്‍ കോഡിനേറ്ററും സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറുമായ പ്രൊഫ. സജി മാത്യു, സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ശാന്തിനി സി എം സി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ, അനില്‍ ഫിലിപ്പ് സി എം ഐ, മംഗലപ്പുഴ സെമിനാരി റെക്ടര്‍ ഫാ. സ്റ്റാന്‍ലി പുല്‍പുറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്, സെന്റ് തെരേസാസ് കോളേജ്, സെന്റ് പോള്‍സ് കോളേജ്, സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org