ചാവറയച്ചന്‍ നവോത്ഥാനത്തിനു കരുത്തുപകര്‍ന്ന കര്‍മയോഗി: ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

ചാവറയച്ചന്‍ നവോത്ഥാനത്തിനു കരുത്തുപകര്‍ന്ന കര്‍മയോഗി: ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊച്ചി: കേരള ചരിത്രത്തില്‍ വലിയ സാമൂഹ്യ നവോത്ഥാനത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും കരുത്തുപകര്‍ന്ന കര്‍മയോഗിയാണു വിശുദ്ധ ചാവറയച്ചനെന്നു പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. ചാവറയച്ചന്റെ പള്ളിക്കൊരു പള്ളിക്കൂടം പ്രഖ്യാപനം കേരളത്തിനു നല്‍കിയ വളര്‍ച്ച അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സുവര്‍ണജൂബിലി സമാപനസമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ചാവറയച്ചന്റെ മഹിമ ഇന്നു വിശ്വചക്രവാളങ്ങളോളം എത്തി. അദ്ദേഹത്തെക്കുറിച്ചു ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കാനായതു വലിയ അഭിമാനത്തോടെ ഓര്‍ക്കുന്നു. സമൂഹത്തിന്റെ ഉന്നതിക്കായി സമ്പൂര്‍ണ സമര്‍പ്പണം നടത്തിയ ചാവറയച്ചന്‍ ഓരോ വ്യക്തിത്വത്തിലെയും ആന്തരിക ശക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു. അറിവിനൊപ്പം ജീവിതത്തിന് അനിവാര്യമായ തിരിച്ചറിവിന്റെ നന്മകള്‍ കൂടിയാണു ചാവറയച്ചന്‍ കേരളത്തോടും ലോകത്തോടും പങ്കുവച്ചത്. ചാവറദര്‍ശനങ്ങളും അതിനൊത്തുള്ള വിശ്വമാനവിക കാഴ്ചപ്പാടുകളും സാംസ്‌കാരിക ധാരകളും കൊച്ചിയിലും കേരളീയ പൊതുസമൂഹത്തിലും വിനിമയം ചെയ്യുന്നതില്‍ അന്പതു വര്‍ഷക്കാലം ചാവറ കള്‍ച്ചറല്‍ സെന്റര്‍ നല്‍കിയ സംഭാവനകള്‍ വലിയ മുതല്‍ക്കൂട്ടാണെന്നും സി.വി. ആനന്ദബോസ് പറഞ്ഞു.

മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചാവറ സുവനീര്‍ പ്രകാശനവും രതീഷ് പൊതുവാളിന് പ്രഥമ ജോണ്‍പോള്‍ തിരക്കഥാപുരസ്‌കാര സമര്‍പ്പണവും ഗവര്‍ണര്‍ നിര്‍വഹിച്ചു. ഹൈബി ഈഡന്‍ എംപി, മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എംഎല്‍എ, പ്രഫ.എം. കെ. സാനു, സിഎംഐ ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, പത്മജ എസ്. മേനോന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, മുന്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, അസി. ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org