
അംബികാപുരത്തിന്റെ അമ്പതാണ്ട് സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് വ്യാകുലമാതാപള്ളിയില് സംഘടിപ്പിച്ച ചടങ്ങില്‍ ഇടവകാംഗങ്ങളായ ചട്ടയും മുണ്ടും ധരിക്കുന്ന ഇരുപത്തിയൊന്നോളം അമ്മമാര്‍ക്ക് ആദരവ് നല്കി. സ്നേഹത്തിന്റെ തികവാര്‍ന്ന നിറവോടെ പള്ളിയിലേക്ക് എത്തിച്ചേര്‍ന്ന അമ്മക്കുപ്പായക്കാര്ക്ക് പള്ളിവികാരിയും ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ച് കുര്‍ബാനയോടെ ചടങ്ങാരംഭിച്ചു. വരാപ്പുഴ അതിരൂപത ബി.സി.സി. ഡയറക്ടറും കടവന്ത്ര സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയുമായ റവ. ഫാ. ആന്റണി അറക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. നിറഞ്ഞ സന്തോഷത്തോടെ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന അമ്മമാര്‍ക്കു ഫാ. ലിജോ ഓടത്തക്കല്‍ അമ്മദിനസന്ദേശവും നല്കി. കുര്‍ബാനക്ക് ശേഷം പൊന്നാട അണിയിക്കുകയും ആദരവിന്റെ ഉപഹാരങ്ങളും പള്ളി വികാരിയായ റവ. ഫാ. ജസ്റ്റിന് ആറ്റുള്ളിലും സഹവികാരിയായ റവ. ഫാ. ലിജോ ജോഷി പുളിപ്പറമ്പിലും ചേര്‍ന്ന് നല്കി. സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ പങ്കെടുത്തു. ഈ ചടങ്ങില്‍ പുതുതലമുറയിലെ അമ്മമാരും ചട്ടയും മുണ്ടും ധരിച്ചെത്തുകയും അവര്‍ക്കും പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. 83 നും 96 നും ഇടയിലുള്ള ചട്ടയും മുണ്ടും ധരിക്കുന്ന ഇരുപത്തിയൊന്നോളം അമ്മമാരില്‍ ചിലരെ വീടുകളില്‍ ചെന്നും ആദരിക്കുകയുണ്ടായി. കോവിഡിന്റെ ആധിക്യത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി പള്ളിയിലും വിശുദ്ധ കുര്‍ബാനയിലും നേരിട്ട് പങ്കെടുക്കാന്‍ കഴിയാതിരുന്ന അമ്മമാര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ അവര്‍ക്കു കടന്നുവരുവാന്‍ അവസരമൊരുക്കി ഈ മാതൃകാപരമായ ചടങ്ങു സംഘടിപ്പിച്ചതെന്ന് ജൂബിലി കണ്‍വീനേഴ്സ് ആയ തദേവൂസ് തുണ്ടിപ്പറമ്പിലും ജോണ്സന് ചൂരപ്പറമ്പിലും അറിയിച്ചു.