മുഖ്യമന്ത്രി ഉറപ്പ് പാലിക്കണം

Published on

കൊച്ചി: ചര്‍ച്ച് ആക്ട് വിഷയത്തില്‍ കത്തോലിക്കാ പിതാക്കന്‍മാര്‍ക്കും, അല്മായ നേതാക്കന്മാര്‍ക്കും നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി പാലിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ അഭ്യര്‍ത്ഥിച്ചു.

ചര്‍ച്ച് ആക്ട് നടപ്പിലാക്കി കത്തോലിക്കാസഭയുടെ സാര്‍വ്വത്രികമായ ഉന്നതിയിലേക്കുള്ള വളര്‍ച്ചയെ തടയുക എന്ന ലക്ഷ്യത്തോടുകൂടി ചില ക്രൈസ്തവ വിരുദ്ധസംഘടനകളും സഭാവിരുദ്ധരും ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നത് അപലപനീയമാണെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെസി എഫ്) സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കേരളത്തിലെ ഒന്നേകാല്‍ കോടിയോളം വരുന്ന കത്തോലിക്കാ വിശ്വാസികളെ അവഗണിച്ച് സഭാവിരുദ്ധരുടെയും, ക്രൈസ്തവ വിരുദ്ധരുടെയും, ആളില്ലാത്ത ക്രൈസ്തവ സമൂഹങ്ങളുടെയും ആവശ്യം മാനിച്ച് ചര്‍ച്ച് ആക്ട് നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകരുതെന്ന് കെസിഎഫ് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് യാക്കോബായ സഭയിലുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ചര്‍ച്ച് ആക്ട് ആവശ്യമാണെന്ന രീതിയില്‍ നടത്തുന്ന പ്രചാരണങ്ങള്‍ തെറ്റിധാരണാജനകമാണ്.

കെസിഎഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, മേരി കുര്യന്‍, പ്രഷീല ബാബു, ഡോ. മേരിറെജീന, സജി ജോണ്‍, രാജു എരിശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org