ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരം -രൂപതകളുടെ സംയുക്തസമിതി

ചങ്ങനാശ്ശേരി: ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം ദുരുദ്ദേശ്യപരമാണെന്നും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 25, 26 അനുഛേദങ്ങളുടെ ലംഘനമാണെന്നും ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ ചേര്‍ന്ന ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ മെത്രാന്മാരും വികാരി ജനറാള്‍മാരും വിവിധ ചുമതലകള്‍ വഹിക്കുന്ന വൈദികരും അടങ്ങിയ സംയുക്ത സമിതി നിരീക്ഷിച്ചു. സഭയുടെ സ്വത്തുവകകള്‍ ആദിമസഭയുടെ കാലഘട്ടം മുതല്‍ നിലനില്‍ക്കുന്ന പങ്കു വയ്ക്കല്‍ ചൈതന്യത്തില്‍ ഊന്നിയ പാരമ്പര്യത്തില്‍ അധിഷ്ഠിതമായി, ഹയരാര്‍ക്കി, കാനന്‍ നിയമം തുടങ്ങിയ വ്യവസ്ഥകള്‍ക്ക് അനുസൃതമായി പൊതുയോഗം, പ്രതിനിധി യോഗം, പാസ്റ്റര്‍ കൗണ്‍സില്‍ തുടങ്ങിയ ജനാധിപത്യ ഭരണ നിര്‍വഹണ വ്യവസ്ഥകള്‍ ഉള്‍ചേര്‍ത്ത് കൂട്ടുത്തരവാദിത്വത്തോടു കൂടി ഇന്ത്യന്‍ ഭരണഘടനയ്ക്കും സിവില്‍ നിയമങ്ങള്‍ക്കും വിധേയമായി സംരക്ഷിക്കപ്പെടുകയും ക്രയവിക്രയം ചെയ്യപ്പെടുകയും ചെയ്തു പോരുന്നതാണ്. ഈ നിയതമായ വ്യവസ്ഥിതിയെ തകര്‍ക്കാനും സഭയുടെ സ്വത്തുവകകള്‍ സര്‍ക്കാരിന്‍റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും നിയന്ത്രണത്തിലും സ്വാധീനത്തിലും കൊണ്ടുവരാനുമുള്ള കുടില ശ്രമമായി മാത്രമേ ഈ ബില്ലിനെ കാണാന്‍ സാധിക്കുകയുള്ളൂ. സഭയുടെ സ്വത്തു വ്യവഹാരങ്ങള്‍ നിലവില്‍ കോടതി നടപടികള്‍ക്ക് വിധേയമാണെന്നിരിക്കെ പുതിയ ഒരു ട്രൈബ്യൂണല്‍ ആവശ്യമില്ലാത്തതാണ്. ട്രൈബ്യൂണലിന്‍റെ നിയമനം രാഷ്ട്രീയപരമാകയാല്‍ തീരുമാനങ്ങളിലും രാഷ്ട്രീയ സ്വാധീനം ഉണ്ടായിരിക്കും എന്ന് വ്യക്തമാണ്. സമ്പത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലായി കഴിയുമ്പോള്‍ വൈദിക പരിശീലനം, ആരാധനക്രമാനുഷ്ഠാനങ്ങള്‍, വിശ്വാസ വിഷയങ്ങള്‍ എന്നിവയിലും രാഷ്ട്രീയ കൈകടത്തലുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നു സംശയിക്കുന്നു. അതിനാല്‍ മറ്റു മതങ്ങള്‍ക്ക് നിലവിലില്ലാത്ത ഒരു നിയമ നിര്‍മാണം ക്രിസ്ത്യാനികള്‍ക്ക് മാത്രമായി നടത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ഉദ്യമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് രൂപതകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. യോഗം ചങ്ങനാശേരി അതിരുപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, തക്കല രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, സഹായമെത്രാന്‍മാരായ മാര്‍ തോമസ് തറയില്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു ഈ രൂപതകളിലെ വികാരി ജനറാള്‍മാര്‍, മറ്റ് വൈദികര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കു ചേര്‍ന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org