ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണം: കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

Published on

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് മുമ്പില്‍ 2023 മെയ് 17ന് സമര്‍പ്പിച്ച ജെ.ബി.കോശി ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിടാതെ ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി,സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

പരസ്യമായി തെളിവെടുപ്പിനും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രഹസ്യമാക്കി വെച്ചിരിക്കുന്നതില്‍ ദുരൂഹതകളുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ശുപാര്‍ശകളൊന്നും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. റിപ്പോര്‍ട്ട് സംബന്ധിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വസ്തുതാവിരുദ്ധമാണ്. റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാനുള്ള കാരണം വ്യക്തമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

2021ലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ ജെ.ബി.കോശി കമ്മീഷനെ നിയമിച്ചത്. വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ക്രൈസ്തവരെ പ്രീണിപ്പിക്കുക എന്നത് മാത്രമായിരുന്നു ഈ പ്രഖ്യാപനത്തിന്റെ പിന്നിലെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇക്കുറിയും ഇത്തരം പുതിയ  തെരഞ്ഞെടുപ്പ് അടവുകളുമായി രാഷ്ട്രീയ  നേതൃത്വങ്ങള്‍ കടന്നുവരാനുളള സാധ്യതകളും ക്രൈസ്തവര്‍ തിരിച്ചറിയണം.

ജെ ബി  കോശി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമപരമായി ആവശ്യപ്പെട്ടിട്ടും നിഷേധ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത്. കേരളത്തിലെ മൂന്നു മുന്നണികളും ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിക്കണമെന്നും ക്രൈസതവരെ ആരും രാഷ്ട്രീയ സ്ഥിര നിക്ഷേപമായി കാണേണ്ടതില്ലെന്നും തെരഞ്ഞെടുപ്പുകളില്‍ വിഷയാധിഷ്ടിത നിലപാടുകളെടുക്കാന്‍ വിശ്വാസിസമൂഹത്തിനാകുമെന്നും വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org