കാര്‍ഷികമേഖല അതീവ ഗുരുതരമായ സാഹചര്യം നേരിടുമ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും കര്‍ഷകര്‍ ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കര്‍ഷക വിലാപദിനമായി പ്രതിഷേധിക്കണമെന്നും കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആഹ്വാനം ചെയ്തു. കര്‍ഷകരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെ പരിഗണിച്ച് പ്രതിമാസ ശമ്പളം കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കേരളത്തിലെ കാര്‍ഷികമേഖല ചരിത്രത്തിന്റെ ഭാഗമാകുമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി. സി സെബാസ്റ്റ്യന്‍ പറഞ്ഞു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യത്തില്‍ നിന്ന് കൃഷിയേയും കര്‍ഷകരേയും രക്ഷിക്കുക, വിലയിടിവ് അടക്കമുള്ള കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കര്‍ഷകരുടെ കടം എഴുതി തള്ളുക, ഡല്‍ഹി കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുക, ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യുക, വിളമാറ്റകൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ചിങ്ങം ഒന്നിന് കര്‍ഷക വിലാപദിനമായി പ്രതിഷേധിക്കുന്നത്. 1000ത്തോളം കേന്ദ്രങ്ങളില്‍ കര്‍ഷകസംഘടനകള്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. നാഷണല്‍ കോര്‍ഡിനേറ്റര്‍ ബിജു കെ.വി, സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. ബിനോയ് തോമസ് എന്നിവര്‍ വിഷയാവതരണം നടത്തി. വൈസ് ചെയര്‍മാന്‍മാരായ ഫാ. ജോസഫ് കാവനാടിയില്‍, ഡിജോ കാപ്പന്‍, ബേബി സക്കറിയാസ്, ഭാരവാഹികളായ ജോയി കണ്ണഞ്ചിറ, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍, രാജു സേവ്യര്‍, പി.ടി ജോണ്‍, അഡ്വ. ജോണ്‍ ജോസഫ്, ഷുക്കൂര്‍ കണാജെ, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, നൈനാന്‍ തോമസ്, അഡ്വക്കേറ്റ് സുമീന്‍ എസ്. നെടുങ്ങാടന്‍, മനു ജോസഫ്, ഔസേപ്പച്ചന്‍ ചെറുകാട്, പി. ജെ ജോണ്‍ മാസ്റ്റര്‍, ജോസഫ് വടക്കേക്കര, അതിരഥന്‍ പാലക്കാട്, ബേബി മുക്കാടന്‍, പോള്‍സണ്‍ അങ്കമാലി, സ്വപ്ന ആന്റണി, ആനന്ദന്‍ പയ്യാവൂര്‍, ഷാജി കാടമന തുടങ്ങിയവര്‍ സംസാരിച്ചു.