റെയിൽവേ ചൈൽഡ് ഹെല്പ് ഗ്രൂപ്പ് മീറ്റിംഗ് സംഘടിപ്പിച്ചു

റെയിൽവേ ചൈൽഡ് ഹെല്പ് ഗ്രൂപ്പ് മീറ്റിംഗ് സംഘടിപ്പിച്ചു

എറണാകുളം: എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ സൗത്ത് റെയിൽവേ ഏരിയ മാനേജറിന്റെ ചേമ്പറിൽ വച്ച് ചൈൽഡ് ഹെൽപ് ഗ്രൂപ്പ് മീറ്റിംഗ് സംഘടിപ്പിച്ചു. റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ, റെയിൽവേ ഉദ്യോഗസ്ഥർ, റെയിൽവേ പോലീസ് എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റെയിൽവേ ചൈൽഡ് ലൈനിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, കുട്ടികളുടെ ഉന്നമനത്തിനും, സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുക എന്നതാണ് ചൈൽഡ് ഹെല്പ് ഗ്രൂപ്പ്‌ മീറ്റിങ്ങുകളുടെ ലക്ഷ്യം. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ മാനേജർ നിതിൻ നോർബെർട്ട് മുഖ്യപ്രഭാഷണം നടത്തി. റെയിൽവേ ചൈൽഡ്ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ റെയിൽവേ ചൈൽഡ് ലൈനിന്റെ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും, മുൻ കോർഡിനേറ്റർ ഷാനോ ജോസിനെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. കോവിഡിന്റെ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 103 കുട്ടികളെയാണ് റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ എറണാകുളം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചത്. 70 ആൺകുട്ടികളും 33 പെൺകുട്ടികളും ആയിരുന്നുവെന്ന് റെയിൽവേ ചൈൽഡ്‌ലൈൻ കോർഡിനേറ്റർ അമൃത ശിവൻ അറിയിച്ചു. റെയിൽവേ പോലീസുകാർക്കും, റെയിൽവേ അധികൃതർക്കും ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് മീറ്റിംഗിൽ തീരുമാനിച്ചു. സ്റ്റേഷൻ മാനേജർ വർഗീസ്‌ സ്റ്റീഫൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പി. എ അരുൺ, എം. എ അരുൺ, സൗത്ത് റെയിൽവേ പോലീസ് ഉദ്യോഗസ്ഥരായ സബ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, രഞ്ജിത്ത്, നോർത്ത് റെയിൽവേ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ (ആർ. പി. എഫ്), അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഉണ്ണി കൃഷ്ണൻ ( ജി. ആർ. പി), ജില്ലാ ശിശു സംരക്ഷണ സമിതി സുരക്ഷാ ഓഫീസർ ഷാനോ ജോസ്, ചൈൽഡ്ലൈൻ ജില്ലാ കോർഡിനേറ്റർ അരുൺ തങ്കച്ചൻ, കൗൺസിലർ സഞ്ജന റോയ്, റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരായ ഷിംജോ ദേവസ്യ, ആൻ സൈമൺ, അമൽ ജോൺ, അഞ്ജന മഹേശൻ, നിക്സി രാജു എന്നിവർ പങ്കെടുത്തു. എറണാകുളം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ അസ്വാഭാവികമായ സാഹചര്യത്തിൽ കുട്ടികളെ കണ്ടെത്തിയാൽ നിങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ : 0484 - 2981098

Related Stories

No stories found.