നാടകാചാര്യന്‍ ഷെവ. സി.എല്‍. ജോസ് 95 ന്റെ നിറവില്‍

നാടകാചാര്യന്‍ ഷെവ. സി.എല്‍. ജോസ് 95 ന്റെ നിറവില്‍
Published on

നാടകകൃത്ത്, സാഹിത്യകാരന്‍, സംഘാടകന്‍, നടന്‍ തുടങ്ങിയ നിലകളില്‍ മലയാളികള്‍ക്ക് സുപരചിതനായ സി.എല്‍. ജോസ് 95 വയസ്സിന്റെ നിറവില്‍. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി കേരള ഗവണ്‍മെന്റും അദ്ദേഹത്തിന്റെ സേവനത്തെ അംഗീകരിച്ചിട്ടുണ്ട്. 75 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ജോസിന്റെ ആദ്യനാടകം 1956ല്‍ 'മാനം തെളിഞ്ഞു' പ്രസിദ്ധീകരിച്ചു.

ഇതുവരെ 36 സമ്പൂര്‍ണ്ണ നാടകങ്ങളും 15 സമാഹാരങ്ങളിലായി 75 ഏകാങ്കങ്ങളും കുട്ടികള്‍ക്കുള്ള ഒരു നാടകവും പ്രസിദ്ധീകരിച്ചു. കൂടാതെ, നാടകത്തിന്റെ കാണാപ്പുറങ്ങള്‍, ഓര്‍മ്മകള്‍ക്ക് ഉറക്കമില്ല എന്നീ ജിവിതസ്മരണകളും, ചിരിയുടെ പൂരം എന്ന ഫലിത സമാഹാരവും നാടകരചന എന്ത്? എങ്ങനെ? (പഠനം), എന്റെ നാടകജീവിതം (നാടകാനുഭവങ്ങള്‍) എന്നിവ പ്രസിദ്ധപ്പെടുത്തി. നാടകങ്ങള്‍ നൂറുകണക്കിന് സ്‌റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏതാനും നാടകങ്ങള്‍ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1978ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ജെ.സി. ഫൗണ്ടേഷന്‍ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി കലാരത്‌ന ഫെല്ലോഷിപ്പ്, കേരള സഭാതാരം അവാര്‍ഡ്, പറവൂര്‍ ജോര്‍ജ്ജ് അവാര്‍ഡ്, കേരള സര്‍ക്കാര്‍ എസ്.എല്‍. പുരം നാടക പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അമൃത പുരസ്‌കാരം, അങ്കണം ഷംസുദ്ദീന്‍ അവാര്‍ഡ്, സാഹിത്യ പരിഷത്ത് സമഗ്ര സംഭാവന പുരസ്‌കാരം, തിക്കോടിയന്‍ പുരസ്‌കാരം, കുടുംബദീപം അവാര്‍ഡ്, കെ.സി. ബി.സി. സാഹിത്യ അവാര്‍ഡ് തുടങ്ങിയ 50ഓളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2008ല്‍ ബെനഡിക്റ്റ് മാര്‍പാപ്പ ഷെവലിയര്‍ പദവി നല്‍കി ആദരിച്ചു.

ആകാശവാണിയിലൂടെ അനേകം നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തു. മണല്‍ക്കാട്, അറിയാത്ത വീഥികള്‍ എന്ന പേരിലും ശാപരശ്മി, അഗ്‌നിനക്ഷത്രമെന്ന പേരിലും ഭൂമിയിലെ മാലാഖ, അമ്മ എന്നപേരിലും ചലച്ചിത്രമായി. കേരള സംഗീത നാടക അക്കാദമി വൈ. ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി അംഗം, തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി, പ്രസിഡണ്ട്, കലാസദന്‍ പ്രസിഡണ്ട്, കേന്ദ്ര സംഗീതനാടക അക്കാദമി അംഗം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു.

മണല്‍ക്കാട്, ജ്വലനം, യുഗതൃഷ്ണ എന്നീ നാടകങ്ങളും 'നാടകരചന എന്ത്? എങ്ങനെ?' എന്ന പഠനഗ്രന്ഥവും കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പാഠപുസ്തകങ്ങളായി. നിരവധി പ്രബ 50ഓളം അംഗീകാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. നിരവധി പ്രഭാഷണങ്ങള്‍ നടത്തി. നാടക സംവിധായകനായും നടനായും മികവു തെളിയിച്ചു. 1932 ഏപ്രില്‍ നാലിന് തൃശൂര്‍ ചക്കാലക്കല്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം തൃശൂര്‍ ക്ഷേമവിലാസം കുറിക്കമ്പനിയില്‍ അസി. മാനേജരായി വിരമിച്ചു. ഭാര്യ ലിസി. ഷേളി, പരേതനായ തങ്കച്ചന്‍, ഡെയിസന്‍ എന്നിവരാണ് മക്കള്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org