
സഹൃദയ സംഘടിപ്പിച്ച കാൻസർ ദിനാചരണം കൊച്ചി നഗരസഭാ കൗൺസിലർ സക്കീർ തമ്മനം ഉദ്‌ഘാടനം ചെയ്യുന്നു. അനന്തു ഷാജി, സിസ്റ്റർ ഡോ . ആൻജോ, സുനിൽ സെബാസ്റ്റ്യൻ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. ആൻസിൽ മൈപ്പാൻ, സിസ്റ്റർ ജെയ്‌സി ജോൺ എന്നിവർ സമീപം.
വിഷരഹിത ഭക്ഷണം ഉറപ്പാക്കിയാൽ വിഷമരഹിത ജീവിതവും നല്ലൊരു പരിധിവരെ ഉറപ്പാക്കാനാവുമെന്ന സന്ദേശം സമൂഹത്തിനു പകരാൻ കാൻസർ ദിനം പോലുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് കൊച്ചി നഗരസഭാ കൗൺസിലർ സക്കീർ തമ്മനം അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പാക്കിവരുന്ന ആശാകിരണം കാൻസർ കെയർ കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച കാൻസർ ദിനാചരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർധന കാൻസർ രോഗികളുടെ കുടുംബങ്ങൾക്കുള്ള നാടൻ പച്ചക്കറി കിറ്റുകളും കാൻസർ രോഗചികിത്സമൂലം മുടി നഷ്ടപ്പെട്ടവർക്കുള്ള സൗജന്യ വിഗുകളും അദ്ദേഹം വിതരണം ചെയ്തു. പൊന്നുരുന്നി സഹൃദയ അങ്കണത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. സഹൃദയ അസിസ്റ്റൻറ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ , സിസ്റ്റർ ഡോ . ആൻജോ, സുനിൽ സെബാസ്റ്റ്യൻ, ആശാകിരണം കോ ഓർഡിനേറ്റർ അനന്തു ഷാജി എന്നിവർ സംസാരിച്ചു.