കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍

2022 ഫെബ്രുവരി 24 മുതല്‍ 26 വരെ

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ടീച്ചേഴ്‌സ് ഗില്‍ഡിലെ 32 രൂപതകളില്‍ നിന്നുള്ള ആയിരത്തോളം അദ്ധ്യാപകര്‍ പങ്കെടുത്ത വെബിനാര്‍ സംഘടിപ്പിച്ചു. പ്രസ്തുത സെമിനാര്‍ മാനന്തവാടി രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. അതിവേഗം മാറ്റത്തിന് വിധേയമാകുന്ന അദ്ധ്യാപനവൃത്തി കൂടുതല്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃത സമീപനങ്ങളിലൂടെ കാലിക പ്രസക്തി കൈവരിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു. മാറ്റങ്ങളോടുള്ള ക്രിയാത്മകമായ പ്രതികരണമാണ് ഏതൊരു തൊഴിലിനേയും പ്രത്യേകിച്ച് അദ്ധ്യാപനത്തെ മഹത്തരമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം ലോകസഭാംഗം ഡോ. ശശി തരൂര്‍ ''ഭാവി തലമുറയെ കരുപിടിപ്പിക്കുന്നതിലേക്ക് അദ്ധ്യാപനരംഗത്ത് ആവിര്‍ഭവിക്കേണ്ട നവമാതൃകകള്‍'' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ആഗോളതലത്തിലും ഇന്ത്യയിലും ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്ന നൂതന ശൈലികള്‍ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും, ഇവയെല്ലാം അവസരങ്ങളാക്കി, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ധ്യാപകരുടെ പങ്ക് നിര്‍ണ്ണായകമാണെന്നും ഉദ്‌ബോധിപ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. സംസ്ഥാന ഭാരവാഹികള്‍ സ്വാഗതവും നന്ദിയും അര്‍പ്പിച്ചു.

25-ാം തിയതി ഉച്ചയ്ക്കു ശേഷം 02.30 ന് സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തലശ്ശേരി അതിരൂപത നിയുക്ത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ജോസഫ് പംപ്ലാനി ഉദ്ഘാടനം ചെയ്യും. ""Enable and Empower to Excel'' എന്ന മുഖ്യപ്രമേയത്തിന്മേല്‍ ഫാ. ഡോ. ബിനോയ് പിച്ചലക്കാട്ടും ഫാ. ചാള്‍സ് ലെയോണും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സമ്മേളന പ്രമേയത്തിന്റെ കരട് രേഖ പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കും. സംസ്ഥാന-മേഖല-രൂപതാ ഭാരവാഹികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 പേര്‍ ഈ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. മലബാര്‍ മേഖല പ്രതിനിധികളാണ് ഈ സമ്മേളനം ക്രമീകരിക്കുന്നത്.

26-ാം തിയതി രാവിലെ 09.30 ന് സെന്റ് ജോസഫ്‌സ് സിറ്റി പാരിഷ് ഹാളില്‍ നിന്ന് ആരംഭിക്കുന്ന റാലി കണ്ണൂര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബഹുമാനപ്പെട്ട കേരള പൊതുമരാമത്തു-ടൂറിസം മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തില്‍ ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ശ്രീ. ബിജു. ഒളാട്ടുപുറം അദ്ധ്യക്ഷത വഹിക്കും. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് പിതാവ് മുഖ്യപ്രഭാഷണവും കോഴിക്കോട് രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ അനുഗ്രഹപ്രഭാഷണവും നടത്തും. താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. സംസ്ഥാന ഭാരവാഹികളും മലബാര്‍ മേഖലാ ഭാരവാഹികളും നേതൃത്വം നല്‍കുന്ന ഈ സമ്മേളനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തുന്നത്. 500 ഓളം പേര്‍ ഈ സമ്മേളനത്തില്‍ പ്രതിനിധികളായി എത്തുന്നുണ്ട്. "Super 30" എന്ന തലക്കെട്ടില്‍ വിഭാവന ചെയ്യുന്ന വിദ്യാഭ്യാസ പദ്ധതി, സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ വിശദീകരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. സി.റ്റി. വര്‍ഗ്ഗീസ് സ്വാഗതവും, സംസ്ഥാന ട്രഷറര്‍ ശ്രീ. മാത്യു ജോസഫ് നന്ദിയും അര്‍പ്പിക്കും.

മികച്ച കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് അവാര്‍ഡ് പാലാ രൂപതാ മേനേജുമെന്റിനും മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ശ്രീ. സെലസ്റ്റിന്‍ ജോണ്‍ (പ്രിന്‍സിപ്പാള്‍, സെന്റ് തോമസ് എച്ച് എസ്എസ്, കിളിയാന്തറ, തലശ്ശേരി രൂപത), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സിസ്റ്റര്‍ രജിത (ഹെഡ്മിസ്ട്രസ്, ബി.ബി. എച്ച് എസ്, നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്, മാവേലിക്കര രൂപത), യു പി. സ്‌കൂള്‍ വിഭാഗത്തില്‍ ശ്രീ. റോയ് ജെ. കല്ലറങ്ങാട്ട് (സെന്റ് ജോര്‍ജ്ജ് യു.പി. സ്‌കൂള്‍, മൂലമറ്റം, പാലാ രൂപത), എല്‍ പി. വിഭാഗത്തില്‍ ശ്രീ. ബേസില്‍ ടി. ആര്‍. (ഹെഡ്മാസ്റ്റര്‍, ആര്‍. സി. എല്‍. പി. സ്‌കൂള്‍, ഉച്ചക്കട, നെയ്യാറ്റിന്‍കര രൂപത) എന്നിവര്‍ക്ക് സമ്മാനിക്കുന്നതാണ്. പ്രബന്ധരചനാ മത്സരം, കവിതാരചന മത്സരം, ലഹരി വിരുദ്ധ പരിപാടികള്‍ എന്നിവയ്ക്കുള്ള സമ്മാനങ്ങളും ഈ സമ്മേളനത്തില്‍ വിതരണം ചെയ്യും.

പ്രൊവിഡന്‍സ് സ്‌കൂള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ സമ്മേളനം അവസാനിക്കുമെന്ന് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org