സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം
ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലങ്കര മേഖലയിലെ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. സിജോ തോമസ്, ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ബെസ്സി ജോസ് എന്നിവര്‍ സമീപം.
കോട്ടയം : സഹമനുഷ്യരോടുള്ള കരുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണെന്ന് കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ മലങ്കര മേഖലയിലെ ഇടവക പരിധിയിലുള്ള നാനാജാതി മതസ്ഥരായ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് – പ്രളയ അതിജീവന പാതയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കരുതല്‍ ഒരുക്കി സാമൂഹിക സഹവര്‍ത്തിത്വത്തോടെ മുന്‍പോട്ട് പോകുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആയിരം കുടുംബങ്ങള്‍ക്കായി അരി, പഞ്ചസാര, ഗോതമ്പ് പൊടി, മുളക് പൊടി, മല്ലിപ്പൊടി, ചായപ്പൊടി എന്നിവ അടങ്ങുന്ന ഭക്ഷ്യകിറ്റുകളാണ് കെ.എസ്.എസ്.എസ് വിതരണം ചെയ്യുന്നത് എന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.