
സാഹചര്യങ്ങള്‍ക്കനുസരിച്ച് ആത്മവിശ്വാസത്തോടെ പ്രതികരിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്ന ബോധ്യം ഓരോ സ്ത്രീകളിലും വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ കുട്ടിക്കാലം മുതല്‍ തന്നെ ആരംഭിക്കണമെന്ന് ഉമാ തോമസ് എം.എല്‍.എ അഭിപ്രായപ്പെട്ടു.എറണാകുളംഅങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമാ തോമസ്. ഒഴിവുസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് സ്വന്തമായി വരുമാനം കണ്ടെത്തുകയെന്നത് സ്വാശ്രയത്വത്തിലേക്കുള്ള പ്രധാനപടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പൊന്നുരുന്നി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സഹൃദയ വനിതാസംഗമത്തില്‍ സംഗീതാധ്യാപികയും പിന്നണിഗായികയുമായ സിസ്റ്റര്‍ റിന്‍സി അല്‍ഫോന്‍സ് അധ്യക്ഷയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവ വനിതാദിന സന്ദേശം നല്‍കി. സഹൃദയ ജോയിന്റ് ലയബിലിറ്റി ഗ്രുപ്പുകളെ ഫെഡറല്‍ ബാങ്കുമായി ബന്ധിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് എം. ശോഭ നിര്‍വഹിച്ചു. ചെറുധാന്യകൃഷി ആരംഭിക്കുന്ന 50 വനിതാ കര്‍ഷകര്‍ക്കുള്ള വിത്തുകളും രണ്ടു പതിറ്റാണ്ടിലേറെക്കാലം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകളും ഉമാ തോമസ് എം.എല്‍.എ വിതരണം ചെയ്തു. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് സഹൃദയ നടപ്പാക്കുന്ന ആശ്വാസ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുതിയ പോളിസിയുടെ ഉദ്ഘാടനം സ്റ്റാര്‍ ഹെല്‍ത്ത് അസി. സോണല്‍ മാനേജര്‍ ഇ.ജെ.ഷൈജു നിര്‍വഹിച്ചു. മില്ലറ്റ് വര്‍ഷാചരണത്തെക്കുറിച്ചുള്ള സെമിനാര്‍ ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ് ട്രസ്റ്റി എം.എം. അബ്ബാസും, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള സെമിനാര്‍ എറണാകുളം മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലിസമ്മ ജോസഫും നയിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, അസി. ജനറല്‍ മാനേജര്‍ സുനില്‍ സെബാസ്റ്റ്യന്‍, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ആനി അഗസ്റ്റിന്‍, ലിസി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. വനിതാദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി സൗജന്യ ലാബ് ടെസ്റ്റുകളും സംഘടിപ്പിച്ചു.