ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തണം; കര്‍ഷകഭൂമി കയ്യേറാന്‍ അനുവദിക്കില്ല: ഇന്‍ഫാം

Published on

കോട്ടയം: വനമേഖലകളുടെ സംരക്ഷണത്തിനായി കര്‍ഷകരുടെ കൃഷിഭൂമി കയ്യേറി ബഫര്‍സോണ്‍ അനുവദിക്കാനാവില്ലെന്നും ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തി വനാതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുകയാണ് വേണ്ടതെന്നും ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും കൈവശഭൂമിയേയും ബഫര്‍സോണായി കണക്കാക്കി കര്‍ഷകരുള്‍പ്പെടെ മലയോരജനതയുടെ ജീവിതത്തിനു വെല്ലുവിളിയുയര്‍ത്തുന്ന സുപ്രീം കോടതി വിധി രാജ്യത്തുടനീളം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. വനവല്‍ക്കരണത്തിന്റെ മറവില്‍ കര്‍ഷകഭൂമി കയ്യേറാന്‍ ആരെയും അനുവദിക്കില്ല. സുപ്രീം കോടതി വിധി വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് പരിസ്ഥിതി ലോലമേഖല വ്യാപിപ്പിക്കാനുള്ള നിര്‍ദ്ദേശമായി വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥ ഇടപെടലുകളുണ്ടായാല്‍ എന്തുവിലകൊടുത്തും കര്‍ഷകര്‍ എതിര്‍ക്കും.

വനവും വന്യജീവികളേയും സംരക്ഷിക്കുവാന്‍ നിയമങ്ങള്‍ സൃഷ്ടിക്കുന്നവരും ഉത്തരവുകളിറക്കുന്നവരും നീതിനിര്‍വ്വഹണ സംവിധാനങ്ങളും കൃഷിഭൂമിയില്‍ ജീവിക്കാന്‍വേണ്ടി കഷ്ടപ്പെടുന്ന കര്‍ഷകരെ ബലിയാടാക്കുന്നത് അപലപനീയമാണ്. ഖനനവും വന്‍കിട ഫാക്ടറികളും കര്‍ഷകരുടേതല്ല. ഖനനമാഫിയകള്‍ സംരക്ഷിത വനമേഖലകളിലുണ്ടെങ്കില്‍ വനംവകുപ്പിന്റെയും രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെയും ഒത്താശയോടെയാണിവര്‍ പ്രവര്‍ത്തിക്കുന്നത്. ഖനനമാഫിയകളുടെയും വനം വന്യജീവി സംരക്ഷണത്തിന്റെയും മറവില്‍ കര്‍ഷകരെ കൃഷിഭൂമിയില്‍നിന്നു തുടച്ചുനീക്കി ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നും ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തി നിലനിര്‍ത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org