ഉദ്യോഗസ്ഥ തേര്‍വാഴ്ചകളെ കര്‍ഷകര്‍സംഘടിച്ചെതിര്‍ക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്‌

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക സമീപനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് മുവാറ്റുപുഴയ്ക്കടുത്ത് യുവകര്‍ഷകന്റെ വാഴകൃഷി നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരിലൂടെ പുറത്തുവന്നതെന്നും കാലങ്ങളായി തുടരുന്ന ദുരനുഭവങ്ങള്‍ പാഠമാക്കി ഉദ്യോഗസ്ഥ പീഢനങ്ങള്‍ക്കെതിരെ സംഘടിക്കാന്‍ കര്‍ഷകരുടെ കണ്ണുതുറക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

കര്‍ഷകനെയും കാര്‍ഷികമേഖലയെയും നിരന്തരം കുരുതികൊടുക്കുന്ന സര്‍ക്കാരിനെങ്ങനെ ചിങ്ങം ഒന്നിന് കര്‍ഷകദിനമാചരിക്കാനാവും. ഇതര സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കുമ്പോള്‍ കേരളത്തിന്റെ വൈദ്യുതി വകുപ്പ് കൃഷി നശിപ്പിക്കുന്ന സമീപനമാണ്. ഇതാണോ സര്‍ക്കാരിന്റെ കാര്‍ഷികനയമെന്ന് കൃഷി, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ വ്യക്തമാക്കണം. കെഎസ്ഇബിയുടെ കര്‍ഷക ക്രൂരതയ്ക്ക് വൈദ്യുതി, കൃഷി മന്ത്രിമാര്‍ പരസ്യമായി മാപ്പുപറയുകയും കര്‍ഷകന് നഷ്ടപരിഹാരം നല്‍കുകയും വേണം.

അസംഘടിത കര്‍ഷകരോട് എന്തുമാകാമെന്ന ഉദ്യോഗസ്ഥ ധാര്‍ഷ്ട്യമാണ് വാഴവെട്ടി നിരത്തിയതിലൂടെ പ്രകടമായത്. വളര്‍ച്ച പൂര്‍ത്തിയായി അടുത്ത ദിവസം ഓണത്തിനോടനുബന്ധിച്ച് വിപണിയിലെത്തേണ്ട വാഴക്കുലകളാണ് ഉദ്യോഗസ്ഥര്‍ വാശിയോടെ നശിപ്പിച്ചത്. കെഎസ്ഇബി ലൈനിനടിയില്‍ കൃഷി നിരോധനമെങ്കില്‍ കൃഷിക്കായി തയ്യാറെടുത്ത സന്ദര്‍ഭത്തില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് യുവ കര്‍ഷകനെ വിവരം അറിയിച്ചില്ല. കര്‍ഷകന്റെ വിയര്‍പ്പിന്റെ വിലയറിയാത്ത ഉദ്യോഗസ്ഥ ക്രൂരതയെ ഭരണനേതൃത്വങ്ങള്‍ വെള്ളപൂശരുതെന്നും ഈ കര്‍ഷകദ്രോഹത്തിനെതിരെ അടിയന്തര നടപടികളെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍ എന്നിവര്‍ സംയുക്തമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org