ദളിത് ക്രൈസ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആന്ധ്രാ സര്‍ക്കാര്‍

ദളിത് ക്രൈസ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആന്ധ്രാ സര്‍ക്കാര്‍

ക്രിസ്തുമതം സ്വീകരിച്ച ദളിതര്‍ക്ക്, ഇതര ദളിതര്‍ക്കുള്ള സംവരണമടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെടുന്ന പ്രമേയം ആന്ധ്രാ പ്രദേശ് നിയമസഭ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിയെ സി ബി സി ഐ ദളിത് കമ്മീഷന്‍ സെക്രട്ടറി ഫാ. വിജയ് കുമാര്‍ നായക് ശ്ലാഘിച്ചു. ആരെങ്കിലും എവിടെയെങ്കിലും ഇതിനൊരു തുടക്കമിടേണ്ടതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാന നിയമസഭ ഇതിനെ പിന്തുണയ്ക്കുന്നത് വലിയ സ്വാധീനമുണ്ടാക്കും. കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു ഇത് - അദ്ദേഹം വിശദീകരിച്ചു. തമിഴ്‌നാട്, ബിഹാര്‍, ജാര്‍ഖണ്ഡ്, പ. ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും ദളിത് ക്രൈസ്തവര്‍ക്ക് സാമൂഹ്യാനുകൂല്യങ്ങള്‍ നല്‍കണമെന്ന നിലപാടുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു.

ദളിത് ക്രൈസ്തവരുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഇപ്രകാരമൊരു നീക്കത്തിനു തുനിഞ്ഞിരിക്കുന്നത്. ദളിത് ക്രൈസ്തവര്‍ക്ക്, ദളിതര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന ആവശ്യം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. കേസില്‍ ദളിത് ക്രൈസ്തവര്‍ക്കു വിരുദ്ധമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍, ഒരു മൂന്നംഗ കമ്മീഷനെയും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂ. ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും സാമൂഹ്യാനുകൂല്യങ്ങള്‍ നല്‍കണമെന്നു ശിപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് 2007-ല്‍ തന്നെ വന്നിട്ടുള്ളതാണെന്ന് സി ബി സി ഐ ദളിത് കമ്മീഷന്‍ മുന്‍ സെക്രട്ടറി ഫാ. ദേവസഹായരാജ് ചൂണ്ടിക്കാട്ടി. കമ്മീഷനുകളെ നിയമിക്കുന്നത് സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org