ബെനഡിക്ടൈൻ സന്യസ്തർ മോണ്ടെകാസിനോയുടെ 1500-ാം വാർഷികത്തിനൊരുങ്ങുന്നു

ബെനഡിക്ടൈൻ സന്യസ്തർ മോണ്ടെകാസിനോയുടെ 1500-ാം വാർഷികത്തിനൊരുങ്ങുന്നു
Published on

ബെനഡിക്ടൈൻ സന്യാസത്തിന്റെ തൊട്ടിലായി അറിയപ്പെടുന്ന മോണ്ടെകാസിനോ ആശ്രമം സ്ഥാപിക്കപ്പെട്ടതിന്റെ 1500-ാം വാർഷികം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ബെനഡിക്ടൈൻ സമൂഹം ഒരുങ്ങുന്നു. ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ സ്വാധീനത്തിന്റെ പതിനഞ്ച് നൂറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന ഈ ജൂബിലി ആഘോഷങ്ങൾ, “529 മുതൽ പ്രത്യാശയുടെ കേന്ദ്രങ്ങൾ” എന്ന പ്രമേയവുമായി 2029-ൽ സമാപിക്കും.

ഈ ചരിത്രപ്രധാനമായ വാർഷികത്തിന്റെ ഓർമ്മയ്ക്കായി, ബെനഡിക്ടൈൻ കോൺഫെഡറേഷൻ ഒരു ആഗോള ജൂബിലി സംരംഭത്തിനും പ്രത്യേക വെബ്‌സൈറ്റിനും തുടക്കം കുറിച്ചിട്ടുണ്ട്. ആളുകൾക്ക് സന്യാസാശ്രമങ്ങൾ കണ്ടെത്താനും ആഘോഷങ്ങളിൽ പങ്കുചേരാനും ബെനഡിക്ടൈൻ പാരമ്പര്യത്തിന്റെ നിലനിൽക്കുന്ന ആത്മീയത അനുഭവിക്കാനും സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഏകദേശം എ.ഡി 529-ൽ നൂർസിയയിലെ വിശുദ്ധ ബെനഡിക്ട് സ്ഥാപിച്ച മോണ്ടെകാസിനോ, സഭയെയും പാശ്ചാത്യ സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ച ഒരു സന്യാസ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായി മാറി. ദൈവത്തിലും പ്രാർത്ഥനയിലും സമൂഹത്തിലും അധിഷ്ഠിതമായ ഒരു ജീവിതം ആഗ്രഹിച്ച വിശുദ്ധ ബെനഡിക്ട്, തന്റെ പ്രശസ്തമായ ബെനഡിക്ടൈൻ സന്യാസനിയമങ്ങളിലൂടെ ലൂടെ നയിക്കപ്പെടുന്ന ഒരു ജീവിതരീതിക്ക് രൂപം നൽകി. ഇത് ഇന്നും ലോകമെമ്പാടുമുള്ള സന്യാസ സമൂഹങ്ങൾക്ക് പ്രചോദനമായി തുടരുന്നു.

പ്രാർത്ഥന, അധ്വാനം, വിനയം, അനുസരണം, അതിഥി സൽക്കാരം എന്നീ തത്ത്വങ്ങളിൽ അധിഷ്ഠിതമായ ബെനഡിക്ടൈൻ ആശ്രമങ്ങൾ പിന്നീട് വിജ്ഞാനം, കൃഷി, സംസ്കാരം, സേവനം എന്നിവയുടെ കേന്ദ്രങ്ങളായി വികസിച്ചു. ഓരോ അതിഥിയെയും "ക്രിസ്തുവിനെപ്പോലെ" സ്വീകരിക്കണമെന്ന ഈ നിയമത്തിന്റെ ആഹ്വാനം ഇന്നും ബെനഡിക്ടൈൻ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും സവിശേഷ മുദ്രയായി നിലകൊള്ളുന്നു.

നൂറ്റാണ്ടുകളായി, ക്രൈസ്തവ വിശ്വാസവും മനുഷ്യവിജ്ഞാനവും സംരക്ഷിക്കുന്നതിൽ ബെനഡിക്ടൈൻ സമൂഹങ്ങൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ അട്ടിമറികളും സാമൂഹികമാറ്റങ്ങളും ഉണ്ടായ കാലഘട്ടങ്ങളിൽ, ഈ ആശ്രമങ്ങൾ പുരാതന കയ്യെഴുത്തുപ്രതികൾ സുരക്ഷിതമായി സൂക്ഷിക്കുകയും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സമൂഹങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുകയും ചെയ്തു. പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിലെ മിഷനറി പ്രവർത്തനങ്ങളിലൂടെ ഇവരുടെ സ്വാധീനം യൂറോപ്പിന് വെളിയിലേക്ക് ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ, അമേരിക്കകൾ എന്നിവടങ്ങളിലേക്കും വ്യാപിച്ചു.

ഇന്ന്, ബെനഡിക്ടൈൻ കോൺഫെഡറേഷനിൽ 19 സന്യാസ സമൂഹങ്ങളിലായി ഏകദേശം 400 ആശ്രമങ്ങളിൽ ജീവിക്കുന്ന 6,200 ഓളം സന്യാസിമാരും  ലോകമെമ്പാടും ശുശ്രൂഷ ചെയ്യുന്ന 12,000 ഓളം ബെനഡിക്ടൈൻ കന്യാസ്ത്രീകളും ഉൾപ്പെടുന്നു. ബെനഡിക്ടൈൻ ആത്മീയ പാരമ്പര്യം സിസ്റ്റേഴ്സ്യൻ ഓർഡ, ഓർഡർ ഓഫ് സിസ്റ്റേഴ്സ്യൻസ് ഓഫ് ദി സ്ട്രിക്റ്റ് ഒബ്സർവൻസ് ഉൾപ്പെടെയുള്ള മറ്റ് സന്യാസ പാരമ്പര്യങ്ങൾക്കും ജന്മം നൽകിയിട്ടുണ്ട്.

ബെനഡിക്ടൈൻ പാരമ്പര്യം സഭയ്ക്ക് ഏറ്റവും സ്വാധീനമുള്ള ചില വിശുദ്ധരെയും പണ്ഡിതന്മാരെയും സമ്മാനിച്ചിട്ടുണ്ട്. ആധുനിക ജീവിതത്തിൽ ആളുകൾക്ക് ബെനഡിക്ടൈൻ ആത്മീയതയുമായി ബന്ധപ്പെടാൻ സഹായിക്കുന്നതിനായി തീർത്ഥാടനങ്ങൾ, ആത്മീയ പരിപാടികൾ, സാംസ്കാരിക ചടങ്ങുകൾ, വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവ ലോകമെമ്പാടുമുള്ള ആശ്രമങ്ങൾ ഒരുക്കുന്നുണ്ട്. "പ്രാർത്ഥിക്കുക, പ്രവർത്തിക്കുക" എന്ന വിഖ്യാതമായ ആപ്തവാക്യത്തിലധിഷ്ഠിതമായ ബെനഡിക്ടൈൻ ജീവിതശൈലി വിശ്വാസത്തിലും സമൂഹത്തിലും സേവനത്തിലും വേരൂന്നിയ സന്തുലിതജീവിതത്തിന്റെ ദർശനം സഭയ്ക്കാകെ ഇന്നും പകർന്നുനൽകുന്നു.

logo
Sathyadeepam Online
www.sathyadeepam.org