

കോട്ടയം: ഏപ്രില്‍ 22 ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ നിര്‍വ്വഹിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭൗമ സംരക്ഷണ സെമിനാറിന് റിജിയണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സ്റ്റേഷന്‍ കുമരകം സോയില്‍ സയന്‍സ് ആന്റ് അഗ്രികള്‍ച്ചറല്‍ കെമിസ്ട്രി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ആഷ്‌ന സൂസന്‍ ജോസഫ് നേതൃത്വം നല്‍കി.
കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ നിന്നുള്ള ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരും സ്വാശ്രയസംഘ പ്രതിനിധികളും ദിനാചരണത്തില്‍ പങ്കെടുത്തു. സ്വാശ്രയസംഘങ്ങളിലൂടെ ഭൗമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.