
കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളജ് സ്വയംഭരണ (autonomous) പദവിയിലേക്ക്. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു ജി സി) ആണ് ഈ പദവിക്കുള്ള അനുമതി നല്‍കിയത്. കോളജിന്റെ അക്കാദമികവും ഗവേഷണപരവുമായ മികവുകള്‍ പരിഗണിച്ചാണ് ഈ അംഗീകാരം.
5 റിസര്‍ച്ച് വിഭാഗങ്ങളുള്‍പ്പടെ 17 ഡിപ്പാര്‍ട്ട്‌മെന്റുകളുള്ള കോളജ് പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഒരേ പോലെ മികവു പുലര്‍ത്തുന്നു. ഈ മികവിന്റെ അംഗീകരമായാണ് ഡി ബി റ്റി സ്റ്റാര്‍ കോളജ് പദവി, എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ മികച്ച റാങ്കിങ്ങ് ഇതെല്ലാം ഭാരത മാതാ കോളജിനെ തേടിയെത്തിയത്. ഓട്ടോണമസ് പദവി കൂടി നേടിയതോടെ അക്കാദമികമായ സ്വതന്ത്ര്യം നേടി കേളജിന് പുതിയ മികവുകളിലേക്ക് ഉയരാന്‍ കഴിയും.
എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയുടെ കീഴിലുള്ള ഈ കോളജ് ദിവംഗതനായ കര്‍ദിനാള്‍ ജോസഫ് പറേക്കാട്ടില്‍ 1965 ല്‍ ആണ് സ്ഥാപിച്ചത്. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വരുന്ന ഈ കോളജ് 2019 ല്‍ (NAAC) A+ അക്രഡിറ്റേഷന്‍ നേടിയതോടെ ഓട്ടോണമസ് പദവിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോളജിന് സ്വയംഭരണാവകാശം ലഭിക്കുന്നതോടെ അക്കാദമിക, ഗവേഷണ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രതിബദ്ധതയോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലും ബഹുദൂരം മുന്നോട്ട് പോകാന്‍ കഴിയുമെന്നും രാജ്യത്തെ മികവുറ്റ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി ഭാരത മാതാ കോളജ് മാറുമെന്നും മനേജര്‍ റവ. ഡോ. എബ്രഹാം ഓലിയപ്പുറം, പ്രിന്‍സിപ്പല്‍ ഡോ. കെ. എം. ജോണ്‍സണ്‍, അസി. മാനേജര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം തുടങ്ങിയവര്‍ പറഞ്ഞു.