കൊച്ചി : കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥയില്‍ സര്‍ഗ്ഗാത്മകതയുടെ വസന്തം വിരിയിച്ച നവോത്ഥാന നായകനാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്ന് പ്രൊഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററും എം.ജി. സര്‍വ്വകലാശാല ചാവറ ചെയറും ചേര്‍ന്ന് സംഘടിപ്പിച്ച കാലത്തിനു മുന്‍പേ സഞ്ചരിച്ച കര്‍മ്മയോഗി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ എന്ന വിഷയത്തില്‍ നടത്തിയ ഏകദിനസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യമനസാക്ഷിയെ ത്രസിപ്പിച്ചുക്കൊണ്ടിരിക്കുന്ന മൂല്യങ്ങളുടെയും ആത്മീയതയുടെയും പ്രവാചകനായിരുന്നു ചാവറയച്ചന്‍. ജന്മസിദ്ധമായ ആത്മീയതയും ഉള്‍ക്കാഴ്ചയും അദ്ദേഹത്തിന്റെ വിഞ്ജാനതൃഷ്ണയും അനുപമമായതും രചനാത്മകവുമാണ്. അടിമത്വവും ഉച്ചനീചത്വവും തുടച്ചുമാറ്റുവാനും മനുഷ്യരെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നവോത്ഥാനം തന്നെയാണെന്നും കാലത്തിനു മുന്‍പേ നടന്ന ക്രാന്തദര്‍ശിയായിരുന്നു ചാവറയച്ചനെന്നും സാനു മാസ്റ്റര്‍ തുടന്നു പറഞ്ഞു. എം.ജി. സര്‍വ്വകലാശാല ചാവറ ചെയര്‍ കോഡിനേറ്ററും സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറും പ്രൊഫസറുമായ ഡോ. സജി മാത്യു അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക ഇടപെടലും സമകാലിക പ്രസക്തിയും എന്ന വിഷയത്തില്‍ സി.എം.ഐ. കൊച്ചി പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ബെന്നി നല്‍ക്കര സി.എം.ഐ. പ്രഭാഷണം നടത്തി. വിദ്യാഭ്യാസം, കുടുംബനവീകരണം, സ്ത്രീശാക്തീകരണം എന്നിങ്ങനെ കേരളത്തിന്റെ രൂപാന്തരീകരണമാണ് ചാവറയച്ചന്‍ കണ്ട സ്വപ്‌നമെന്നും അതിലൂടെ സാംസ്‌കാരികമായ ഇടപെടല്‍ സാധ്യമാക്കിയെന്നും ഫാ. ബെന്നി നല്‍ക്കര സി.എം.ഐ. അഭിപ്രായപ്പെട്ടു.
ചാവറ ദര്‍ശനവും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തില്‍ സി.എം.സി. ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. നവ്യ മരിയ CMC, ഇടയനാടകങ്ങള്‍ എന്ന വിഷയത്തില്‍ നാടകകൃത്തും സംവിധായകനുമായ ടി. എം. എബ്രഹാം എന്നിവര്‍ പ്രഭാഷണം നടത്തി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ., ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു കിരിയാന്തന്‍ സി.എം.ഐ. എന്നിവര്‍ പ്രസംഗിച്ചു. സെമിനാര്‍ ചര്‍ച്ചയില്‍ പ്രമുഖര്‍ പങ്കെടുത്ത് സംസാരിച്ചു.
വിവിധ കോളേജുകളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫാ. ബെന്നി നല്‍ക്കര സി.എം.ഐ.സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.