
സന്യാസമൂഹത്തിൽ മൂന്നുവർഷവും വ്രതവാഗ്ദാനത്തിനുശേഷം 35 ദിവസവും മാത്രം ജീവിച്ച് 26 വയസ്സിൽ നിര്യാതയായ സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കൽ ധന്യ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. തൃശ്ശൂർ അതിരൂപതയിലെ കുണ്ടന്നൂർ ഇടവകാംഗമാണ് സിസ്റ്റർ മരിയ സെലിൻ. കണ്ണനായ്ക്കൽ ഫ്രാൻസിനും ഫിലോമിനയുമാണ് മാതാപിതാക്കൾ . 1931 ഫെബ്രുവരി 13ന് ജനിച്ച മരിയ സെലിൻ 1954 ഉറുസലേം സന്യാസിനി സമൂഹത്തിൽ ചേർന്നു. അതിനുമുൻപ് കുറച്ചുകാലം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സെൻറ് തോമസ് സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. 1957 ജൂൺ 20ന് വ്രതവാഗ്ദാനം നടത്തി. തൊട്ടടുത്ത മാസം ജൂലൈ 25ന് തൻറെ 26 ആം വയസ്സിൽ ദിവംഗതയായി . തൻറെ മരണത്തെക്കുറിച്ച് സിസ്റ്റർക്ക് മുൻകൂട്ടി ദർശനം ലഭിച്ചിരുന്നതായി പറയപ്പെടുന്നു. 2007 ലാണ് സിസ്റ്ററുടെ നാമകരണം നടപടികൾ ആരംഭിച്ചത്.