

തിരുവനന്തപുരം: ഫ്രാൻസിസ്കൻ മിഷണറി ബ്രദേഴ്സിൽ (സിഎംഎസ്എഫ്) അംഗമായിരുന്ന പരേതനായ ബ്ര.പിയോ കോട്ടയ്ക്കലിനെ കുറിച്ചുള്ള അനുസ്മരണപുസ്തകം പ്രകാശനം ചെയ്തു. മലങ്കര കത്തോലിക്കാസഭയുടെ കൂരിയാ ബിഷപ് ആന്റണി മാർ സിൽവാനോസ് പുസ്തകം സിഎംഎസ്എഫ് അസിസ്റ്റന്റ് ജനറൽ ബ്രദർ അൽഫോൻസ് നേശമണിക്കു നൽകിയാണു പ്രകാശനം നിർവഹിച്ചത്. ഘാനയിൽ മിഷണറിയായി പ്രവർത്തിക്കുന്ന ബ്ര.ജോബി പി. ബേബിയാണ്, ഗ്രന്ഥത്തിന്റെ രചയിതാവ്. ബ്ര.പിയോയുടെ ജീവചരിത്രവും കർമ്മരംഗങ്ങളെ കുറിച്ചുള്ള വിവരണങ്ങളും സമകാലികരുടെയും, സഹ പ്രവർത്തകരുടെയും, ബന്ധുമിത്രാദികളുടെയും അനുസ്മരണങ്ങളും അപൂർവചിത്രങ്ങളുമാണ്, “A man far ahead of his time, the life and legacy of Bro. Pio Kottackal CMSF" എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
എറണാകുളം-അങ്കമാലി അതിരൂപതയിലെ മേക്കാട് ഇടവകാംഗമായ ബ്ര.പിയോ കോട്ടക്കൽ, മാധ്യമരംഗത്തും സുവിശേഷപ്രഘോഷണരംഗത്തും നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ആധുനികമായ മാധ്യമസങ്കേതങ്ങളിലൂടെയും കലാസൃഷ്ടികളിലൂടെയും, ഇവ അത്ര സുലഭമല്ലാതിരുന്ന കാലത്തും, വചനപ്രഘോഷണവും മൂല്യപ്രചാരണവും നടത്തിയിരുന്ന 'അമർവാണി'എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ഫ്രാൻസിസ്കൻ യൂത്ത് ഫെഡറേഷൻ (FYF) എന്ന യുവജനസംഘടന സ്ഥാപിച്ച് യുവജനപ്രേഷിതരംഗത്തു, ഇന്ത്യയിലും വിദേശത്തും, നിറഞ്ഞു നിന്നു. അമർവാണിയും എഫ് വൈ എഫും ഏറെക്കാലം തിരുവന്തപുരത്തും സമീപപ്രദേശങ്ങളിലും വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. 1998 ൽ തന്റെ 52-ാം വയസ്സിൽ അദ്ദേഹം നിര്യാതനായി. ബ്രദർ പിയോയുടെ സഹോദരനായ ഫാ. പോൾ കോട്ടക്കൽ പുസ്തകം പരിചയപ്പെടുത്തി.
സിഎംഎസ്എഫ് തിരുവനന്തപുരം പ്രോവിൻസിൽ നിന്നു മരണമടഞ്ഞ 56 ബ്രദർമാരുടെ അനുസ്മരണപരിപാടിയിൽ വച്ചായിരുന്നു പുസ്തകപ്രകാശനം. ഫ്രാൻസിസ്കൻ വർഷാചരണത്തോടനുബന്ധിച്ചു നടത്തിയ ഈ പരിപാടിയിൽ 56 ബ്രദർമാരുടെ കുടുംബാംഗങ്ങൾ പങ്കെടുത്തു. പ്രൊവിൻഷ്യൽ ബ്ര. ഡെന്നീസ് തെക്കേപ്പറമ്പിൽ, ബ്ര.റാഫയേൽ പടിഞ്ഞാറെക്കര തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.