സംസ്ഥാന ബൈബിള്‍ കലോത്സവം ഡിസംബര്‍ 29, 30 തിയതികളില്‍ തേവര എസ്.എച്ച്-ല്‍

കൊച്ചി: കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29,30 തിയതികളില്‍ നടത്തപ്പെടുന്ന സംസ്ഥാന ബൈബിള്‍ കലോത്സവത്തിന് ഇക്കുറി തേവര എസ് എച്ച് കോളേജ്, എസ് എച്ച് ഹയര്‍ സെക്കന്ററി സ്‌കൂള്‍, എസ് എച്ച് പബ്ലിക് സ്‌കൂള്‍, എസ് എച്ച് ഹൈസ്‌കൂള്‍ എന്നിവ വേദിയാകും.
          ഡിസംബര്‍ 29-ന് ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജെയിംസ് ആനാപ്പറമ്പില്‍  ബൈബിള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 8-ന് നടക്കുന്ന ബൈബിള്‍ സന്ദേശ റാലിക്കുശേഷം ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ ജോജു കോക്കാട്ട് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പി.ഒ.സി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിക്കും. ബൈബിള്‍ കലോത്സവം ജനറല്‍ കണ്‍വീനര്‍ ആന്റണി പാലിമറ്റം സ്വാഗതം ആശംസിക്കും.

കേരള കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളില്‍ ഉള്‍പ്പെടുന്ന 19 രൂപതകളില്‍ നിന്നായി 1000-ത്തില്‍ പരം മത്സരാര്‍ത്ഥികള്‍ രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന കലാമത്സരങ്ങളില്‍ മാറ്റുരയ്ക്കും. 11 കലാ ഇനങ്ങളില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി എട്ടു വേദികളില്‍ കലാമത്സരങ്ങള്‍ നടത്തപ്പെടുന്നു.
ഡിസംബര്‍ 30 വൈകിട്ട് 4 മണിയോടെ ബൈബിള്‍ കലോത്സവത്തിന് സമാപനമാകും. സമാപനസമ്മേളനത്തില്‍ സീറോ മലബാര്‍ സഭാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍  മുഖ്യാതിഥി ആയിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ രൂപതകള്‍ക്കുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും മറ്റു സമ്മാനങ്ങളും നല്കപ്പെടും.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ സംഗീതം, നൃത്തം, പ്രഭാഷണം, അഭിനയം തുടങ്ങിയ കലകളില്‍ ആണ് മുഖ്യമായും മത്സരം നടത്തപ്പെടുന്നത്. കൂടാതെ ബൈബിള്‍ വിജ്ഞാനത്തില്‍ കൂടുതല്‍ അവഗാഹമുള്ള മത്സരാര്‍ത്ഥികള്‍ക്കായി ആധുനിക സാങ്കേതിക രീതിയിലുള്ള ക്വിസ് മത്സരം നടത്തപ്പെടും. ഇടവക, ഫൊറോന, രൂപത എന്നീ തലങ്ങളില്‍ വിജയിച്ച മത്സരാര്‍ത്ഥികളാണ് സംസ്ഥാനതല മത്സരത്തിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെ എത്തുന്നത്. പങ്കെടുക്കാനെത്തുന്നവര്‍ക്ക് പാലാരിവട്ടം പി.ഒ.സി.യിലും കലൂര്‍ റീന്യൂവല്‍ സെന്ററിലും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org