ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് : രാഷ്ട്രീയ കിസാന്‍ മഹാസംഘ് (സൗത്ത് ഇന്ത്യ)

കോട്ടയം: വനംവകുപ്പ് രഹസ്യമായി ഉന്നതകേന്ദ്രങ്ങളില്‍ സമര്‍പ്പിച്ച ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് കര്‍ഷക സംഘടനകളുടെ നിരന്തര പ്രതിഷേധങ്ങളെത്തുടര്‍ന്ന് പുറത്തുവിട്ടിരിക്കുമ്പോള്‍ ലഭിക്കുന്ന വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതും ജനങ്ങളെ കുടിയിറക്കി വനവല്‍ക്കരണപ്രക്രിയ വെളിപ്പെടുത്തുന്നതുമാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

സംസ്ഥാനത്ത് സീറോ ബഫര്‍സോണ്‍ എന്ന് തീരുമാനിക്കുന്നതിന് ഉപഗ്രഹ സര്‍വ്വേ തെളിവുകള്‍ ധാരാളം മതി. വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തണം. വീടുകളും വാണിജ്യസ്ഥാപനങ്ങളും ഒരേ രീതിയില്‍ അടയാളപ്പെടുത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഒരു പഞ്ചായത്തില്‍തന്നെ ബഫര്‍സോണിലൂടെ രണ്ടുതരം പൗരന്മാര്‍ സൃഷ്ടിക്കപ്പെടും. ഇക്കാലമത്രയും പരിസ്ഥിതിലോലം വില്ലേജുകളുടെ അടിസ്ഥാനത്തില്‍ സൂചിപ്പിച്ചിരുന്നെങ്കില്‍ ബഫര്‍സോണ്‍ പഞ്ചായത്തടിസ്ഥാനത്തിലായിരിക്കുന്നതിലും ചതിക്കുഴിയുണ്ട്. 115 പഞ്ചായത്തുകള്‍ എന്നാല്‍ ഏതാണ്ട് 300ലേറെ വില്ലേജുകളുണ്ടാവും. അതിനാല്‍തന്നെ ബഫര്‍സോണ്‍ പ്രത്യാഘാതം അനുഭവിക്കുന്നവരുടെ എണ്ണവും പതിന്മടങ്ങാകും.

ഡിജിറ്റല്‍ പ്രാവിണ്യമില്ലാത്ത ഗ്രാമീണ പ്രദേശവാസികള്‍ക്ക് ഉപഗ്രഹ സര്‍വ്വേ വിശദാംശങ്ങള്‍ പഠിക്കുകഅത്ര എളുപ്പമല്ല. ഓരോ വില്ലേജുകളിലും പഞ്ചായത്തുകളിലും വീട്ടുനമ്പര്‍ തിരിച്ച് ബഫര്‍സോണ്‍ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്ക് ഇതിന്റെ ആഴവും ഭീകരതയും ബോധ്യമാവൂ. ജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിന് 8 ദിവസത്തെ സമയപരിധിയെന്നത് നീട്ടിലഭിക്കണം.

വനാതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാനുള്ള വനംവകുപ്പിന്റെ കുതന്ത്രങ്ങള്‍ക്ക് ജനപ്രതിനിധികളും കുടപിടിക്കുകയാണ്. സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് പ്രദേശം നിലവില്‍ വനമാണെന്നിരിക്കെ വീണ്ടും വനവിസ്തൃതി കൂട്ടുവാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കാതെ ജനപ്രതിനിധികള്‍ ഒളിച്ചോട്ടം നടത്തുകയാണെന്നും സീറോ ബഫര്‍സോണ്‍ അഥവാ ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ എന്ന നിലപാടില്‍ നിന്ന് കര്‍ഷകര്‍ പുറകോട്ടുപോകരുതെന്നും വി.സി.സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org