ബഫര്‍സോണ്‍ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട്പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ട്: ഇന്‍ഫാം

കൊച്ചി: രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ എന്ന 2022 ജൂണ്‍ 3ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വനംവകുപ്പ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയണ്‍മെന്റ് സെന്ററിനെക്കൊണ്ട് നടത്തിയ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ പിന്നില്‍ ഏറെ ദുരൂഹതയുണ്ടെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആരോപിച്ചു.
ഉപഗ്രഹസര്‍വ്വേ വിശദാംശങ്ങള്‍ രഹസ്യമാക്കിവെയ്ക്കുന്നത് ശരിയായ നടപടിയല്ല. പ്രശ്‌നബാധിതപ്രദേശങ്ങളിലെ ജനങ്ങള്‍ളുടെ അറിവിലേയ്ക്കും പഠനത്തിനുമായി പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വനംവകുപ്പ് തയ്യാറാകണം. ഈ റിപ്പോര്‍ട്ട് കോടതിയുള്‍പ്പെടെ ഏതെങ്കിലും തലങ്ങളില്‍ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ടോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ബഫര്‍സോണ്‍ വനാതിര്‍ത്തിവിട്ട് കൃഷിഭൂമിയിലേയ്ക്ക് വ്യാപിപ്പിക്കുവാനുള്ള അണിയറനീക്കങ്ങളൊന്നും അനുവദിക്കുകയില്ല.
ആരുടെയൊക്കെ ഭൂമിയാണ് ഉപഗ്രഹസര്‍വ്വേയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ഇപ്പോഴും ജനങ്ങള്‍ക്ക് വ്യക്തമല്ല. റവന്യൂ ഭൂമിയില്‍ വനംവകുപ്പ് വനവല്‍ക്കരണത്തിനായി സര്‍വ്വേ നടത്തുന്നതും നീതീകരിക്കാനാവില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ദ്ധസമിതിയുടെ പരിശോധനകള്‍ ഉപഗ്രഹസര്‍വ്വേയുടെ പശ്ചാത്തലത്തിലാണെന്ന് വ്യക്തമാണ്. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2018-ല്‍ 123 പരിസ്ഥിതിലോലപ്രദേശങ്ങളുടെ വിശദാംശങ്ങള്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടത് 119 വില്ലേജായും തുടര്‍ന്ന് 92 വില്ലേജായും കുറച്ച് പ്രസിദ്ധീകരിച്ചു. എന്നിട്ടിപ്പോഴും  ഈ 92 വില്ലേജുകളില്‍ പലതും ജനവാസകേന്ദ്രങ്ങളായി തുടരുന്ന സ്ഥിതിവിശേഷമുണ്ട്. ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താതെ വിദഗ്ദ്ധസമിതിയുടെ തെളിവെടുപ്പ് അനുവദിച്ചുകൊടുക്കരുതെന്നും കൃഷിഭൂമി വനവല്‍ക്കരണത്തിനും കാര്‍ബണ്‍ ഫണ്ടിനുമായി വിട്ടുകൊടുക്കാനാവില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org