അങ്കമാലി: കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കോംപ്ലക്‌സുകളില്‍ ബെവ്‌കോയുടെ മദ്യക്കടകള്‍ തുടങ്ങാനുള്ള നീക്കം സര്‍ക്കാര്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളിപോള്‍ എന്നിവര്‍ പറഞ്ഞു.
ബെവ്‌കോ മദ്യശാലകള്‍ കെ.എസ്.ആര്‍.ടി.സി. വക കോംപ്ലക്‌സുകളില്‍ ആരംഭിക്കുന്നതിനെതിരെ മദ്യവിരുദ്ധ സംഘടനകള്‍ മാത്രമല്ല; നിരവധി സാമൂഹ്യ-രാഷ്ട്രീയ-മതസംഘടനകള്‍ രംഗത്ത് വന്നിരുന്നു. വര്‍ദ്ധിച്ചുവന്ന ജനരോഷത്തെ ത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
മദ്യനയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന നിരന്തര വാഗ്ദാന ലംഘനത്തിനെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ അങ്കമാലി ടൗണ്‍ കപ്പേള ജംഗ്ഷനില്‍ പ്രതിഷേധ നില്പ് സമരം നടത്തി. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളിപോള്‍ സമരം ഉദ്ഘാടനം ചെയ്തു. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറച്ച് കൊണ്ടുവരുമെന്ന വാഗ്ദാനം ലംഘിച്ച് ലഭ്യതയും ഉപയോഗവും വര്‍ദ്ധിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.