ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ: കരുണയും അനുകമ്പയും മുഖമുദ്രയാക്കിയ ഇടയന്‍ – മാര്‍ ആന്റണി കരിയില്‍

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ: കരുണയും അനുകമ്പയും മുഖമുദ്രയാക്കിയ ഇടയന്‍ – മാര്‍ ആന്റണി കരിയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍ അനുശോചനം രേഖപ്പെടു ത്തി. കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ നിരവധിയാണ്. വചനാധി ഷ്ഠിത ജീവിതം നയിച്ച് കരുണയും അനുകമ്പയും മുഖമുദ്രയാക്കി തനിക്കു ചുറ്റുമുള്ളവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്തുകൊണ്ട് ദൈവം തന്നെയേല്‍പ്പിച്ചിരുന്ന ദൗത്യം അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി. വിശ്വാസസമൂഹത്തിന്റെ ഇടയശ്രേഷ്ഠനായിരുന്ന അദ്ദേഹം ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന വ്യക്തിയാണ്. ദൈവത്തിന്റ കരങ്ങളിലേക്ക് തന്നെ യാത്രയായ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിതരായിരിക്കുന്ന സഭാ നേതൃത്വത്തെയും വിശ്വാസികളെയും കുടുംബാംഗങ്ങളെയും എറണാകുളം-അങ്കമാലി അതിരൂപതയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി അനുശോചനക്കുറിപ്പില്‍ മാര്‍ കരിയില്‍ പറഞ്ഞു.

സഭയും സമൂഹവും അഭിമുഖീകരിച്ച ഒട്ടേറെ വെല്ലുവിളികളെ കരുത്തോടെ നേരിട്ട് ഓര്‍ത്തഡോക്‌സ് സഭയെ മുന്നോട്ട് നയിച്ച വലിയ വ്യക്തിത്വമായിരുന്നു ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഭാമക്കളെ വിശ്വാസപാതയില്‍ നയിക്കുക മാത്രമല്ല ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിനും നന്മകള്‍ വര്‍ഷിക്കുവാന്‍ ഏഴരപതിറ്റാണ്ടിലെ ജീവിത കാലഘട്ടത്തില്‍ തിരുമേനിക്കായി. സ്ത്രീകളെ സഭാഭരണത്തില്‍ കൂടുതല്‍ സജീവമാക്കി മുഖ്യധാരയിലെത്തിക്കുവാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഏറെ പ്രശംസനീയമാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org