വിശ്വാസിസമൂഹത്തിന്റെ നേതൃസമ്മേളനങ്ങള്‍ സഭയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കും: മാര്‍ തോമസ് തറയില്‍

പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചു നടന്ന ഇടവക നേതൃസംഗമം ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, സി.മേരി ഫിലിപ്പ് എസ്.എച്ച്., ജോജി വാളിപ്ലാക്കല്‍, വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍, ഫാ. മാത്യു കുരിശുംമൂട്ടില്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, സിസ്റ്റര്‍ അര്‍ച്ചന എഫ്.സി.സി., സിസ്റ്റര്‍ ലിന്‍സി സി.എം.സി. എന്നിവര്‍ സമീപം.
പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചു നടന്ന ഇടവക നേതൃസംഗമം ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, സി.മേരി ഫിലിപ്പ് എസ്.എച്ച്., ജോജി വാളിപ്ലാക്കല്‍, വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍, ഫാ. മാത്യു കുരിശുംമൂട്ടില്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, സിസ്റ്റര്‍ അര്‍ച്ചന എഫ്.സി.സി., സിസ്റ്റര്‍ ലിന്‍സി സി.എം.സി. എന്നിവര്‍ സമീപം.
Published on

പൊടിമറ്റം: വൈദികരും സന്യസ്തരും അല്മായരും ഒത്തുചേര്‍ന്നുള്ള വിശ്വാസിസമൂഹത്തിന്റെ ഇടവകതല നേതൃസമ്മേളനങ്ങള്‍ സഭയില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് കൂട്ടായ്മയും കുടുംബ ബന്ധങ്ങളും കൂടുതല്‍ ആഴപ്പെടുത്തി സുവിശേഷദൗത്യം നിര്‍വ്വഹിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍.

കാഞ്ഞിരപ്പള്ളി രൂപതയിലെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചു നടന്ന ഇടവക നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ തറയില്‍.

തുരുത്തുകളായി മാറിനില്‍ക്കാതെ സഭയിലെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായുള്ള മുന്നേറ്റം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭക്തരെക്കാളുപരി ശിഷ്യരെയാണ് സഭയ്ക്ക് ആവശ്യം. സഭാസ്ഥാപനങ്ങളിലൂടെ സമൂഹം വളര്‍ന്നു; സഭ വളര്‍ന്നുവോ എന്ന് ചിന്തിക്കണം. വേര്‍തിരിവുകളില്ലാതെ ഒരുമിച്ചു നില്‍ക്കുമ്പോള്‍ മാത്രമാണ് സഭ കൂടുതല്‍ ശക്തിപ്പെട്ട് വളര്‍ച്ച പ്രാപിക്കുന്നത്. ദൗത്യങ്ങളെക്കുറിച്ച് ക്രൈസ്തവര്‍ക്ക് ബോധ്യമുണ്ടാകണം. പ്രതിസന്ധികളും പ്രതിബന്ധങ്ങളും ആഗോള കത്തോലിക്കാസഭയ്ക്ക് പുതുമയല്ല. ദൈവത്തിലാശ്രയിച്ച് നൂറ്റാണ്ടുകളായി അതിജീവിച്ചവരാണ് നാം. രണ്ടായിരത്തിലേറെ വര്‍ഷക്കാലമായി ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സഭയെ ഏറെ അഭിമാനത്തോടെ സഭാമക്കള്‍ കാണണം. സഭാമക്കളില്‍ കൂടുതല്‍ സ്വത്വബോധവും സമുദായ ബോധവും സഭാബോധ്യങ്ങളും ആഴത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ ഇടവകതല നേതൃസമ്മേളനങ്ങള്‍ക്കാവുമെന്നും മാര്‍ തോമസ് തറയില്‍ സൂചിപ്പിച്ചു.

സെന്റ് മേരീസ് പള്ളി വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍, എസ്.എച്ച്. പ്രൊവിന്‍ഷ്യല്‍ സി.മേരി ഫിലിപ്പ്, ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇടവക നേതൃസംഗമത്തിനോടനുബന്ധിച്ച് 50 അംഗ ജൂബിലി ഗായകസംഘം നേതൃത്വം നല്‍കിയ ഗാനശുശ്രൂഷയും നടത്തപ്പെട്ടു.

സഹവികാരി ഫാ. മാത്യു കുരിശുംമൂട്ടില്‍, ട്രസ്റ്റിമാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, സിസ്റ്റര്‍ അര്‍ച്ചന എഫ്.സി.സി., സിസ്റ്റര്‍ ലിന്‍സി സി.എം.സി. എന്നിവര്‍ നേതൃസംഗമത്തിന് നേതൃത്വം നല്‍കി. പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബക്കൂട്ടായ്മാ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, വിശ്വാസപരിശീലന അധ്യാപകര്‍, കൂട്ടായ്മ ആനിമേറ്റേഴ്‌സ്, സുവര്‍ണ്ണജൂബിലി കമ്മറ്റി അംഗങ്ങള്‍, അള്‍ത്താര ബാലന്മാര്‍, ഗായകസംഘാംഗങ്ങള്‍ ഇവകയ്ക്കുള്ളിലെ സ്ഥാപനങ്ങളുടെയും സന്യാസഭവനങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃസമ്മേളനത്തില്‍ പങ്കുചേര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org