ആശ്വാസ് ഇൻഷുറൻസ് പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത

ആശ്വാസ് ഇൻഷുറൻസ് പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത

ആകസ്മികമായുണ്ടാകുന്ന ചികിത്സാച്ചെലവുകളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന സാധാരണ കുടുംബങ്ങൾക്കായി ആശ്വാസ് ഫാമിലി മെഡി ക്ലെയിം പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും പ്രമുഖ ഇൻഷുറൻസ് സേവന ദാതാക്കളായ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയും സഹകരിച്ചാണ് ആശ്വാസ് പദ്ധതി നടപ്പാക്കുന്നത്. മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതിയുടെ കാലാവധി ഒരു വർഷമാണ്.
കുടുംബനാഥൻ, കുടുംബനാഥ, 25 വയസിൽ താഴെ പ്രായവും അവിവാഹിതരും സ്വന്തമായി വരുമാനമില്ലാത്തവരുമായ പരമാവധി മൂന്ന് മക്കൾ എന്നിങ്ങനെ 5 പേർക്കുവരെ ഒരു ഫാമിലി പോളിസിയിൽ അംഗത്വം നേടാം. 85 വയസുവരെയാണ് പ്രായപരിധി. ഈ പദ്ധതിയിൽ ചേരുന്നതിന് പ്രത്യേക വൈദ്യപരിശോധന ആവശ്യമില്ല.
പോളിസിയിൽ ചേരുന്നതിന് 55 വയസിൽ താഴെയുള്ള ഒരാൾക്ക് 5800 രൂപയും 55 വയസിനുമുകളിലുള്ള ഒരാൾക്ക് 7200 രൂപയും അഞ്ചുപേരുള്ള ഒരു കുടുംബത്തിന് ആകെ 8900 രൂപയുമാണ് വാർഷിക പ്രീമിയമായി നൽകേണ്ടത്. പോളിസി കാലയളവിനുള്ളിൽ ഉണ്ടാകുന്ന കിടത്തിചികിത്സകൾക്ക് 2 ലക്ഷം രൂപവരെ ഒരു കുടുംബത്തിന് ചികിത്സാചെലവായി ലഭിക്കും. 70 വയസുവരെ പ്രായമുള്ള പോളിസി ഉടമയ്ക്ക് അപകട മരണമുണ്ടായാൽ ആശ്രിതർക്ക് ഒരു ലക്ഷം രൂപ ആശ്രിതധനമായി ലഭിക്കും. അംഗീകൃത അലോപ്പതി ആശുപത്രികളിലും ഗവൺമെൻറ് ആയുർവേദ,ഹോമിയോ,യുനാനി ആശുപത്രികളിലും 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സിക്കപ്പെടുന്നവർക്കാണ് ചികിത്സാചെലവിന് അർഹതയുണ്ടാവുക. ഡയാലിസിസ്, കീമോ തെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയവയ്ക്ക് 24 മണിക്കൂർ കിടത്തി ചികിത്സ നിർബന്ധമില്ല . പോളിസിയിൽ ചേരുന്ന അംഗങ്ങളുടെ നിലവിലുള്ള അസുഖങ്ങൾക്കും കോവിഡ് ചികിത്സകൾക്കും നിബന്ധനകൾക്ക് വിധേയമായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാർക്ക് ഭിന്നശേഷി സംബന്ധമായ അസുഖങ്ങൾ ഒഴികെയുള്ളവയ്ക്ക് പരിരക്ഷ ലഭിക്കുന്നു. ചികിത്സ ചെലവുകൾ റീ ഇമ്പേഴ്സ്മെന്റ് രീതിയിലായിരിക്കും ലഭിക്കുന്നത്.
ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് അതിരൂപതാതിർത്തിയിലെ ഇടവക പള്ളികളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് പ്രീമിയം തുകയോടൊപ്പം മാർച്ച് 10 നു മുമ്പായി അതാതു പള്ളികളിലോ സഹൃദയ എറണാകുളം പൊന്നുരുന്നി കേന്ദ്ര ഓഫീസിലോ, അങ്കമാലി, പറവൂർ, ചേർത്തല, വൈക്കം മേഖലാ ഓഫിസുകളിലോ നൽകാവുന്നതാണ്.

പദ്ധതി സംബന്ധമായ വിശദവിവരങ്ങൾ 9544790008 എന്ന ഫോൺ നമ്പറിൽ ഓഫീസ് സമയത്ത് ലഭ്യമാണ്.

Related Stories

No stories found.