കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയം കത്തോലിക്ക കോണ്‍ഗ്രസ്സ് പഴുവില്‍ ഫൊറോന

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയം കത്തോലിക്ക കോണ്‍ഗ്രസ്സ് പഴുവില്‍ ഫൊറോന
Published on

പൊറത്തൂര്‍: ചത്തീസ്ഗഡിലെ ദുര്‍ഗില്‍ അസ്സീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസി സമൂഹാംഗങ്ങളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ മനുഷ്യക്കടത്താരോപിച്ച് അറസ്റ്റു ചെയ്ത് ജയിലിലടച്ചത് ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്സ് പഴുവില്‍ ഫൊറോന.

എല്ലാ രേഖകളും സഹിതം യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ റെയില്‍വേ സ്റ്റഷനുകളെന്നും, സന്യാസ സമൂഹത്തിന്റെ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നതിന് മാതാപിതാക്കളുടെ സമ്മതപത്രം ഉള്‍പ്പെടെ രേഖകളുമായി യാത്ര ചെയ്യാനെത്തിയവരെ അധിക്ഷേപിക്കുന്ന തരത്തില്‍ മനുഷ്യകടത്ത് എന്ന ആക്ഷേപം ഉയര്‍ത്തി അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മതേതരത്വത്തെ തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും യോഗം കുറ്റപ്പെടുത്തി. കേരളത്തില്‍ അരമനകളിലേക്ക് മധുരം കൊണ്ടുവരുന്നവര്‍ വടക്കേ ഇന്ത്യയിലുള്ള കത്തോലിക്ക സ്ഥാപനങ്ങളിലും മധുരം വിതരണം ചെയ്യാന്‍ സന്നദ്ധരാകണമെന്നും യോഗം ആവശ്യപ്പെട്ടു.

പൊറത്തൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം പഴുവില്‍ ഫൊറോന കത്തോലിക്ക കോണ്‍ഗ്രസ് പ്രമോട്ടര്‍ റവ ഫാ. ജോയ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡണ്ട് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ ഓസ്റ്റിന്‍ പോള്‍, പൈലി ആന്റണി, ജോബി പൂച്ചിന്നിപ്പാടം, മെജി തോമസ്, ജെസ്സി വര്‍ഗ്ഗീസ്, ജോസഫ് കുണ്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org