ജോണ്‍ കള്ളിയത്ത് വേലൂര്‍
തൃശ്ശൂര്‍ : മൂന്നു നൂറ്റാണ്ടു മുമ്പ് നിര്‍മ്മിക്കപ്പെട്ട അര്‍ണോസ് പാതിരി വസതിയുടെ ചില ഭാഗത്തെ മരഭീമുകള്‍ ചിതല്‍ തിന്ന് താഴേക്ക് നിലംപതിക്കാറായിരിക്കുന്നു. പുരാവസ്തു ഉദ്യോഗസ്ഥന്മാര്‍ പലവട്ടം ഈ സംരക്ഷിത സ്മാരകം സന്ദര്‍ശിക്കുകയുണ്ടായെങ്കിലും വസതിയുടെ കേടുപാടുകള്‍ തീര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ല. കോവിഡിന്റെ കാലത്ത് സന്ദര്‍ശിച്ച ഉദ്യോഗസ്ഥന്മാര്‍ കോവിഡ് കഴിഞ്ഞശേഷം പുനഃരുദ്ധാരണ പ്രവര്‍ത്തനം നടത്തുമെന്ന് അറിയിച്ചിരുന്നു.
വളരെ പ്രധാനപ്പെട്ട ചില ഭീമുകളും തുലാനുകളും നിശേഷം ചിതല്‍ തിന്നതിനാല്‍ ആ ഭാഗം താഴേക്ക് വീഴുവാന്‍ കാത്തുനില്‍ക്കുകയാണ്. വികാരി ഫാ. റാഫേല്‍ താണിശേരിയുടെ പ്രത്യേക ശ്രമത്താല്‍ ഈയിടെ താഴേക്ക് നിലംപൊത്താന്‍ സാധ്യതയുള്ള ചില ഭാഗങ്ങളില്‍ കുത്തുകള്‍ കൊടുത്ത് നിര്‍ത്തിയിട്ടുണ്ട്.
ആര്‍ഷഭാരതസംസ്‌കാരവും സംസ്‌കൃതഭാഷയും ശാസ്ത്രീയമായി യൂറോപ്യരെ മൂന്നു നൂറ്റാണ്ടുമുമ്പ് പഠിപ്പിച്ച മഹാപണ്ഡിതനാണ് അര്‍ണോസ് പാതിരി. അര്‍ണോസ് പാതിരി തയ്യാറാക്കിയ 'ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക' എന്ന സംസ്‌കൃത വ്യാകരണത്തിന്റെ കൈയെഴുത്തുപ്രതി ഈയിടെ റോമിലെ ഒരു പുരാതന ആശ്രമ ലൈബ്രറിയില്‍നിന്നും കണ്ടെടുത്ത് ജര്‍മ്മനിയിലെ പോട്‌സ്ഡാം യൂണിവേഴ്‌സിറ്റി പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇരുന്നൂറ്റിഎണ്‍പത് ഫുള്‍സ്‌കേപ് പേജുകള്‍ വരുന്ന ബുക്കായി നമുക്ക് ലഭ്യമാണ്.
അര്‍ണോസ് എഴുതിയ മലയാളം പോര്‍ച്ചുഗീസ് ഡിക്ഷണറിയിലെ ചില വാക്കുകളുടെ അര്‍ത്ഥതലങ്ങള്‍ എത്രയോ വിശിഷ്ടമായ കാഴ്ച്ചപ്പാടോടെയാണ് അര്‍ണോസ് തയ്യാറാക്കിയിട്ടുള്ളത്. ഈ അര്‍ത്ഥരൂപങ്ങള്‍ ഇന്നത്തെ ആധുനിക മലയാള നിഘണ്ടുകളില്‍ പോലും കാണാന്‍ കഴിയില്ല. പുരാണേതിഹാസ കഥാപാത്രങ്ങളും സംജ്ഞകളും ലോകജനതയെ ആദ്യമായി പരിചയപ്പെടുത്തിയത് അര്‍ണോസ് തന്റെ മലയാള പോര്‍ച്ചുഗീസ് നിഘണ്ടു വഴിയാണ്.
സംസ്‌കൃതഭാഷയെ ചരിത്രത്തില്‍ ആദ്യമായി ലോകജനതയെ അറിയിച്ച അര്‍ണോസ് പാതിരിയുമായി ബന്ധപ്പെട്ട വേലൂരിലെ സ്മാരകങ്ങള്‍ യുനെസ്‌ക്കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് അരനൂറ്റാണ്ടിലേറെ കാലമായി അര്‍ണോസ് സ്മാരക സംരക്ഷണ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ ജോണ്‍ കള്ളിയത്ത് ആവശ്യപ്പെട്ടു.