ആര്‍ച്ച്ബിഷപ്് ചേന്നോത്തിന്റെ ഭൗതികദേഹം കൊച്ചിയില്‍ എത്തിച്ചു

ആര്‍ച്ച്ബിഷപ്് ചേന്നോത്തിന്റെ ഭൗതികദേഹം കൊച്ചിയില്‍ എത്തിച്ചു

പൊതുദര്‍ശനവും സംസ്‌കാരവും നാളെ

കൊച്ചി: ദിവംഗതനായ ജപ്പാനിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ (76) ഭൗതികദേഹം കൊച്ചിയിലെത്തിച്ചു. ടോക്കിയോയില്‍ നിന്നു ദോഹ വഴി ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ഇന്നു രാവിലെ 11.40നാണു ഭൗതികദേഹം നെടുമ്പാശേി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്.
എറണാകുളം-അങ്കമാലി അതിരൂപത കാര്യാലയത്തില്‍ വൈദികരും മാര്‍ ചേന്നോത്തിന്റെ കുടുംബാംഗങ്ങളും ചേര്‍ന്നു ഭൗതികദേഹം ഏറ്റുവാങ്ങി. അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ജോയ് ഐനിയാടന്‍, പ്രൊക്യുറേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍, വൈസ് ചാന്‍സലര്‍ ഫാ. ജസ്റ്റിന്‍ കൈപ്രംപാടന്‍, മാര്‍ ചേന്നോത്തിന്റെ സഹോദരപുത്രന്‍ ഡോ. മാര്‍ട്ടിന്‍ ചേന്നോത്ത് എന്നിവര്‍ ഭൗതികദേഹം ഏറ്റുവാങ്ങി.
എറണാകുളം ലിസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന ഭൗതികദേഹം നാളെ രാവിലെ ഏഴു മുതല്‍ എട്ടുവരെ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 8.30-9.30 വരെ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രല്‍ പള്ളിയിലും പൊതുദര്‍ശനത്തിനു സൗകര്യമുണ്ടാകും.
11.30 നു ഭൗതികദേഹം ചേര്‍ത്തല കോക്കമംഗലത്തുള്ള മാര്‍ ചേന്നോത്തിന്റെ വസതിയിലെത്തിക്കും. 12.30നു മാതൃ ഇടവകയായ കോക്കമംഗലം സെന്റ് തോമസ് പള്ളിയിലേക്കു കൊണ്ടുവരും.
ഉച്ചകഴിഞ്ഞ് 2.30നു ദിവ്യബലിയോടു കൂടി സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്‍കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൃതസംസ്‌കാരത്തിന്റെ സമാപനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
കോക്കമംഗലം പള്ളിയകത്തു ക്രമീകരിച്ചിട്ടുള്ള പ്രത്യേക കല്ലറയിലാണു ഭൗതികദേഹം കബറടക്കുന്നത്. മേയ് എട്ടിനുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന മാര്‍ ചേന്നോത്ത്, കഴിഞ്ഞ ഏഴിനാണു ദിവംഗതനായത്.
ആര്‍ച്ച്ബിഷപ് ചേന്നോത്തിന്റെ സഹോദരങ്ങളായ പ്രഫ. സി.ജെ. പോള്‍, ഡോ. സി.ജെ. തോമസ്, സഹോദരപുത്രന്മാരായ ജോസഫ് ആന്റണി, സോണി ചേന്നോത്ത്, അതിരൂപത വൈദിക സമിതി സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, അകപ്പറമ്പ് പള്ളി വികാരി റവ .ഡോ. ജോര്‍ജ് നെല്ലിശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. ജരാര്‍ദ്ദ് എന്നിവരും വിമാനത്താവളത്തില്‍ ഭൗതികദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org