ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള വാര്‍ഷിക ധ്യാനം

കാഞ്ഞൂര്‍: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി അവരുടെ ഭാഷയിലുള്ള വിശുദ്ധവാരധ്യാനം കാഞ്ഞൂര്‍ പാറപ്പുറം ഐശ്വര്യഗ്രാമില്‍ വച്ചു നടത്തി. ബുധനാഴ്ച വൈകുന്നേരം, എഫ് സി സി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ പ്രിന്‍സി റോസ് ധ്യാനം ഉദ്ഘാടനം ചെയ്തു. ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മെഴ്‌സി, എറണാകുളം പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ ഷെഫി ഡേവീസ്, സിസ്റ്റര്‍ തേജസ്, സിസ്റ്റര്‍ അഞ്ജലി ജോസ്, സിസ്റ്റര്‍ പൗളി എന്നിവരും സന്നിഹിതരായിരുന്നു.

ബിജ്‌നോര്‍ മിഷനില്‍ സേവനം ചെയ്യുന്ന ഫാ. മാത്യൂ ജോര്‍ജ് വലിയകണ്ടത്തില്‍ സി എം ഐ ആണു ധ്യാനം നയിച്ചത്. ഫാ. മാത്യു പേടിക്കാട്ടുകുന്നേല്‍ സി എം ഐ സഹായിയായി. സിസ്റ്റര്‍ വിനയ എഫ് സി സി ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. പെസഹാ വ്യാഴാഴ്ച ബിഷപ് മാത്യു വാണിയക്കിഴക്കേല്‍ കാലുകഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചു. ദുഃഖശനിയാഴ്ച ബിഷപ് തോമസ് ചക്യത്ത് സന്ദേശം നല്‍കി. ഫാ. ജോസ് പുതിയേടത്ത് അഭിഷേക പ്രാര്‍ത്ഥന നടത്തി.

ഐശ്വര്യഗ്രാം ഡയറക്ടര്‍ ഫാ. മാര്‍ഷല്‍ മേലാപ്പിള്ളി, ഫാ. പോള്‍ കാഞ്ഞിരക്കാട്ടുകരി, ഫാ. ആന്റണി വട്ടപറമ്പില്‍, പാറപ്പുറം പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നെല്ലിശ്ശേരി എന്നിവര്‍ ധ്യാനദിവസങ്ങളില്‍ ഇവരുമായി സംസാരിക്കുകയും ആത്മീയകാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു. ഈസ്റ്റര്‍ കുര്‍ബാനയ്ക്കു ശേഷം ആഘോഷപരിപാടികള്‍ നടത്തി. ഗാനമത്സരം, ബൈബിള്‍ ക്വിസ് തുടങ്ങിയവ നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. തൊഴിലാളികള്‍ അവരവരുടെ ഭാഷകളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അസ്സം, പ.ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തവരിലേറെയും. കഴിഞ്ഞ 13 വര്‍ഷമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ റോസിലി ജോണ്‍ എഫ് സി സി, സിസ്റ്റര്‍ ലിറ്റില്‍ റോസ് എഫ് സി സി എന്നിവരാണ് ഇവര്‍ക്കു വേണ്ടിയുള്ള വാര്‍ഷികധ്യാനം തുടര്‍ച്ചയായ ആറാം വര്‍ഷവും സംഘടിപ്പിച്ചത്.

Related Stories

No stories found.