അങ്കമാലിയിൽ അതിരൂപതാതല ഫ്രാൻസിസ്കൻ വർഷാചരണം ഒക്ടോബർ 20ന്

Published on: 

അങ്കമാലി: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രാപ്തിയുടെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ഫ്രാൻസിസ്കൻ വർഷാചരണത്തിന്റെ ഭാഗമായി എറണാകുളം–അങ്കമാലി അതിരൂപതാതല ആഘോഷം ഒക്ടോബർ 20ന് അങ്കമാലി സുബോധനയിൽ നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന പരിപാടിയിൽ മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുക്കും.

രാവിലെ 9.30ന് മാർട്ടിൻ ഡി പോറസ് കപ്പേളയിൽനിന്ന് സുബോധനയിലെ മാവുങ്കൽ ഹാളിലേക്ക് റവ. ഫാ. ലൂക്കോസ് കുന്നത്തൂരിന്റെ നേതൃത്വത്തിൽ തിരുശേഷിപ്പ് പ്രദക്ഷിണവും തുടർന്ന് മാവുങ്കൽ ഹാളിൽ റവ. ഫാ. ജോസഫ് താമരവെളിയുടെ നേതൃത്വത്തിൽ പ്രാർഥനാശുശ്രൂഷയും ഉണ്ടായിരിക്കും.

രാവിലെ 10.30ന് ആരംഭിക്കുന്ന സമ്മേളനം മാർ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ വെരി. റവ. ഫാ. ജിമ്മി പൂച്ചക്കാട്ട് സ്വാഗതം ആശംസിക്കും. മാർ ആന്റണി കരിയിൽ അനുഗ്രഹീത സാന്നിധ്യമാകും. സെന്റ് തോമസ് കപ്പൂച്ചിൻ പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ. ഫാ. ജെയ്‌സൻ കാളനും ഫ്രാൻസിസ്കൻ മൂന്നാം സഭ അതിരൂപതാ പ്രസിഡന്റ് ശ്രീ. ഡേവിസ് ഇരിമ്പനും ആശംസകൾ അറിയിക്കും.

“കേരളസഭാ നവീകരണത്തിന് ഒരു ഫ്രാൻസിസ്കൻ പാരഡൈം” എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയ്ക്ക് റവ. ഫാ. ഡോ. മാർട്ടിൻ കല്ലുങ്കൽ മോഡറേറ്ററായിരിക്കും. ഫ്രാൻസിസ്കൻ ദർശനത്തിന്റെ വെളിച്ചത്തിൽ സഭാനവീകരണത്തിന്റെ വിവിധ മാനങ്ങൾ ചർച്ച ചെയ്യുന്ന പാനലിൽ നാല് പ്രഭാഷകർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിക്കും.

ഫാ. അൽഫോൻസ് വാഴപ്പനാടി OFM Conv. “ദരിദ്രസഭയുടെ ഫ്രാൻസിസ്കൻ ചെവിട്ടോർമകൾ” എന്ന വിഷയത്തിൽ സംസാരിക്കും. ഫാ. ആന്റണി മണിപ്പറമ്പിൽ OFM Cap. “തുടരേണ്ട പള്ളിപ്പണി: ഫ്രാൻസിസ് എന്ന പള്ളിപ്പണിക്കാരൻ” എന്ന വിഷയം അവതരിപ്പിക്കും. അഡ്വ. സി. ഷീബ പോൾ പൈനാടത്ത് FHGS “പ്രകൃതിഗായകന്റെ സൂര്യകീർത്തനങ്ങൾ” എന്ന വിഷയത്തിലും സി. ജോളി മരിയ FCC “സമാധാനസ്ഥാപകന്റെ സമകാലിക ദൗത്യങ്ങൾ” എന്ന വിഷയത്തിലും ആശയങ്ങൾ പങ്കുവയ്ക്കും.

ദരിദ്രരോടുള്ള സഭയുടെ പ്രതിബദ്ധത, സഭാനവീകരണം, പ്രകൃതിസംരക്ഷണം, സമാധാനസ്ഥാപനം എന്നീ മേഖലകളിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ദർശനത്തിന് ഇന്നുള്ള പ്രസക്തി ചർച്ചയുടെ കേന്ദ്രവിഷയമാകും.

സമാധാനം, സാഹോദര്യം, കാരുണ്യം, സൃഷ്ടികളോടുള്ള കരുതൽ എന്നിവയിലൂന്നിയ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതവും ദർശനവും സമകാലിക സഭാജീവിതത്തിൽ കൂടുതൽ ഫലപ്രദമായി ഉൾക്കൊള്ളാനുള്ള അവസരമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്. അതിരൂപതയിലെ വൈദികരെയും സമർപ്പിതരെയും വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ജനറാൾ ഫാ. ജിമ്മി പൂച്ചക്കാട്ടും സുബോധന ഡയറക്ടർ ഫാ. ജോസഫ് പാത്താടനും അറിയിച്ചു. ഉച്ചയ്ക്ക് 1ന് സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

logo
Sathyadeepam Online
www.sathyadeepam.org