
അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ തന്റെ ഒഴിവ് സമയങ്ങള്‍ ചിലവഴിക്കുന്നത് വിശാലമായ പറമ്പില്‍ ജൈവകൃഷി നടത്തിയാണ്. പാവലും വെണ്ടയും പടവലവും മത്തനും കുമ്പളവും വഴുതനയും ചേനയും എല്ലാം ചേര്‍ന്നതാണ് അച്ഛന്റെ കൃഷിയിടം. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച വെള്ളമുപയോഗിച്ചാണ് കൃഷിഭൂമി നനയ്ക്കുന്നത്. നൂറുമേനി വിളവ് തരുന്ന തന്റെ കൃഷിരീതി മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകണം എന്നതാണ് അച്ഛന്റെ ലക്ഷ്യം. കൃഷിയെയും മണ്ണിനെയും സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമെ മനുഷ്യനെ പൂര്‍ണ്ണമായി സ്‌നേഹിക്കാനാകയുള്ളൂ എന്ന തത്വമാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്. വിഷരഹിത പച്ചക്കറികള്‍ കിറ്റുകളിലാക്കി ചാവറ ബ്ലോക്കിലെ ഫ്രണ്ട് ലോബിയില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും എടുക്കാം. തീര്‍ത്തും സൗജന്യം. വൈകുന്നേരങ്ങളില്‍ അമല കാമ്പസില്‍ ചേക്കേറുന്ന കിളികള്‍ക്കായ് വിവിധയിനം പഴവര്‍ഗ്ഗങ്ങളുടെ ഫ്രൂട്ട് ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്.