

1978 ല്‍ വെറും 90 കിടക്കകള്‍ മാത്രമായി ആരംഭിച്ച അമല കാന്‍സര്‍ ആശുപത്രി ഇന്ന് ആയിരം കിടക്കകളോടെ വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും അവാന്തരവിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന അത്യാധുനിക പഠന-ഗവേഷണ സൗകര്യങ്ങളുള്ള അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആയി വളര്‍ന്നിരിക്കയാണ്. അമല മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സയ്ക്കും ഗവേഷണത്തിനും പ്രത്യേക പ്രാമുഖ്യം നല്‍കി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റേഡിയേഷന്‍ ചികിത്സയ്ക്ക് ഏറ്റവും നൂതനമായ രണ്ട് ലീനിയര്‍ ആക്‌സിലേറ്ററുകള്‍, കീമോതെറാപ്പി ചികിത്സ, കാന്‍സര്‍ സര്‍ജറി വിഭാഗം, പാലിയേറ്റീവ് കെയര്‍ എന്നിവയും ഇവിടെ ഉണ്ട്. രക്താര്‍ബുദ ചികിത്സക്കുള്ള വളരെ സങ്കീര്‍ണ്ണമായ ബോമാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റും പ്രവര്‍ത്തന സജ്ജമായി. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കൂടാതെ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ രോഗികള്‍ ചികിത്സതേടി എത്തുന്നുണ്ട്. പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്ക് വിവിധ പദ്ധതികളും സംലഭ്യമാണ്. കാന്‍സര്‍ കണ്ടെത്തുന്നതിന് സഹായകരമായ എല്ലാ ഉപകരണങ്ങളും പെറ്റ് സ്‌കാനും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാന്‍സര്‍ ചികിത്സയില്‍ പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരും നേഴ്‌സ്മാരും പാരാമെഡിക്കല്‍ സ്റ്റാഫുമാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ തീം 'ക്ലോസ് ദ കെയര്‍ ഗാപ്' എന്ന ആശയത്തെ അധികരിച്ച് നടത്തിയ ചുമര്‍ ചിത്രരചന മത്സരത്തില്‍ അമല സ്‌ക്കൂള്‍ ഓഫ് നേഴ്‌സിംഗിന് ഒന്നാം സമ്മാനം ലഭിച്ചു. കാന്‍സര്‍ ചികിത്സ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് തീംമിന്റെ രത്‌നചുരുക്കം.