ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നാടിന്റെ അഭിമാനം: മുഖ്യമന്ത്രി

ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നാടിന്റെ അഭിമാനം: മുഖ്യമന്ത്രി

ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പൊന്തിഫിക്കല്‍ ഇന്‌സ്ടിട്യൂട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷ സമാപന യോഗം കാര്‍മല്‍ഗിരി സെമിനാരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപവാദങ്ങള്‍ക്ക് പകരം സംവാദങ്ങള്‍ നടത്തുവാനും അജ്ഞതയില്‍ നിന്ന് രൂപപ്പെടുന്ന ഭയത്തെയും വെറുപ്പിനെയും അറിവുകൊണ്ട് അതിജീവിക്കാനും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന സേവനം എടുത്തുപറയേണ്ടതാണ്. കേരള നവോത്ഥാനത്തിന്റെ തന്നെ നാഴികക്കല്ല് എന്ന് അറിയപ്പെടാന്‍ കെല്‍പ്പുള്ളതാണ് ക്രിസ്ത്യന്‍ മിഷനറിമാരുടെ സംഭാവനകള്‍. ചാവറയച്ചനെപ്പോലെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ അദ്ദേഹം അനുസ്മരിച്ചു.

ഒരു മതവും മറ്റൊരു മതത്തിന് മേലെയോ കീഴയോ അല്ല. എല്ലാ മതങ്ങള്‍ക്കും ഭരണഘടന പ്രാധാന്യം നല്‍കുകയും മാനിക്കുകയും ചെയ്യുന്നു. ഏതൊരുവനും അവന്റെ മതവിശ്വാസത്തെ മുറുകെ പിടിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. എങ്കിലും അടുത്തകാലങ്ങളില്‍ ക്രൈസ്തവ സമൂഹം നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങളെ ഖേദപൂര്‍വ്വം മുഖ്യമന്ത്രി അനുസ്മരിച്ചു. കാലം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വേദപഠനങ്ങളുടെ മികച്ച ഒരു അധ്യാപകനായിരുന്നു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു. സഭകള്‍ പരസ്പരം മൈത്രിയും സ്‌നേഹവും പുലര്‍ത്തി മനുഷ്യന്‍ നന്മയ്ക്കും സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിനുമായി തുടര്‍ന്നും പ്രയത്‌നിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

വൈദികാര്‍ഥികളുടെ പരിശീലനത്തിനും സഭയുടെ ഉന്നമനത്തിനുമായി കത്തോലിക്കാസഭയുടെ 3 റീത്തുകളെയും സമന്വയിപ്പിച്ചു രൂപീകരിച്ച പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആലുവ സഭയില്‍ തന്നെ ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സ്ഥാപനമാണ്. ഈ ഇന്‍സ്ടിട്യൂട്ടിനെ ഒരു യൂണിവേഴ്‌സിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള യജ്ഞത്തിന്റെ ഭാഗമാണ് ആലുവയില്‍ പുതുതായി നിര്‍മ്മിച്ചുക്കൊണ്ടിരിക്കുന്ന പിജി ബ്ലോക്ക്. വൈദികാര്‍ഥികളുടെ രൂപീകരണത്തിനായി ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് സന്യാസ സഭകള്‍ക്കും മറ്റ് അല്മായര്‍ക്കും ഇതര മതസ്ഥര്‍ക്കും ആയി നിലനില്‍ക്കുന്നു.

സുവര്‍ണ്ണ ജൂബിലിയുടെ സമാപന ചടങ്ങുകള്‍ വരാപ്പുഴ ആര്‍ച്ചുബിഷപ് ജോസഫ് കളത്തില്‍ പറമ്പിലിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. ബിഷപ് ജോര്‍ജ് മടത്തികണ്ടത്തില്‍ ദൈവവചനം പങ്കുവെച്ചു. ബിഷപ് സെല്‍വസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് ജോസഫ് കാരിക്കശേരി എന്നിവരും, അമ്പതോളം വൈദികരും അറുന്നൂറോളം വരുന്ന വൈദികാര്‍ത്ഥിളും സന്യസ്തരും ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.

വൈകിട്ട് നാലുമണിയോടെ ആരംഭിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെആര്‍ല്‍സിബിസി പ്രസിഡന്റ്ബിഷപ് വര്ഗീസ് ചക്കാലക്കല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചാന്‍സലര്‍ ബിഷപ് അലക്‌സ് വടക്കുംതല, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊ ചാന്‍സലര്‍ ബിഷപ് പോളി കണ്ണൂക്കാടന്‍ , സെമിനാരി റെക്ടര്‍മാര്‍ റെവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍, റെവ. ഡോ. സെബാസ്റ്റിയന്‍ പാലമൂട്ടില്‍, എസ് എ ബി സ് ജനറല്‍ സുപ്പീരിയര്‍ റെവ. സി. റോസിലി ജോസ് ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റെവ. ഡോ. സുജന്‍ അമൃതം സ്വാഗതവും ആഘോഷ കമ്മിറ്റി കണ്‍വീനര്‍ റെവ. ഡോ. ഗ്രിഗറി ആര്‍ബി നന്ദിയും പറഞ്ഞു. ഇന്‌സ്ടിട്യൂട്ടിന്റെ മുന്‍പ്രസിഡന്റുമാരെ യോഗത്തില്‍ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org