കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ചു; ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍

കര്‍ദിനാള്‍  ജോര്‍ജ് ആലഞ്ചേരി വിരമിച്ചു; ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍

സീറോമലബാര്‍സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനത്തുനിന്നു വിരമിച്ചു. പുതിയ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ കൂരിയമെത്രാന്‍ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സീറോമലബാര്‍സഭയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കും.

സീറോമലബാര്‍സഭയുടെ രണ്ടാമത്തെ കൂരിയ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ 1992ലാണു വൈദികനായത്. റോമിലെ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു സഭാനിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ശുശ്രൂഷകള്‍ക്കു ശേഷം 2014-ല്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയായില്‍ വൈസ് ചാന്‍സലറായി നിയമിതനായി. 2017 നവംബര്‍ 12-നാണു മെത്രാനായി അഭിഷിക്തനായത്. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു നടക്കുന്ന സിനഡിന്റെ നടത്തിപ്പും സ്ഥാനരോഹണവുമുള്‍പ്പെടെ സഭയുടെ ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ ബിഷപ് വാണിയപ്പുരക്കല്‍ നിര്‍വഹിക്കും.

1945 ഏപ്രില്‍ 19 നാണു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ജനനം. 1972 ഡിസംബര്‍ 18 ന് അഭിവന്ദ്യ ആന്റണി പടിയറ പിതാവില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. പാരീസിലെ സൊര്‍ബോണ്‍ സര്‍വകലാശാലയില്‍നിന്നു കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്നുമായി ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1986 മുതല്‍ ആറു വര്‍ഷക്കാലം കെ. സി. ബി. സി. യുടെ ആസ്ഥാനകേന്ദ്രമായ പി. ഒ. സി.യുടെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരിജനറാളായും വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായും സേവനംചെയ്തു. 1997 ല്‍ തക്കലൈ രൂപതാധ്യക്ഷനായി. 2011 ഏപ്രില്‍ ഒന്നിന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ നിര്യാണത്തെ തുടര്‍ന്ന് 2011 മെയ് മാസം കൂടിയ സീറോമലബാര്‍മെത്രാന്‍സിനഡ് കാര്‍ഡിനല്‍ ആലഞ്ചേരിയെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുത്തു. 2012 ഫെബ്രുവരി 18ന് കര്‍ദിനാള്‍ പദവിയിലെത്തി. കെ സി ബി സി പ്രസിഡന്റായും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. കര്‍ദിനാളെന്ന നിലയിലുള്ള ചുമതലകള്‍ അദ്ദേഹം തുടര്‍ന്നും നിര്‍വഹിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org