കൃഷിയും കാര്‍ഷിക പ്രവര്‍ത്തികളും നന്മയുള്ള പ്രവര്‍ത്തികള്‍ : ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കൃഷിയും കാര്‍ഷിക പ്രവര്‍ത്തികളും നന്മയുള്ള പ്രവര്‍ത്തികള്‍ : ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Published on

പാലാ : കൃഷിയും കാര്‍ഷിക പ്രവര്‍ത്തികളും നന്മയുള്ള പ്രവര്‍ത്തികളാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തുന്ന പത്താമത് അടുക്കളത്തോട്ട മത്സരത്തിന്റെ ഭാഗമായ വിത്ത് വിതരണം പാലാ ബിഷപ്പ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ചെറുപ്പകാലത്ത് മാതാപിതാക്കന്മാരോടൊപ്പം കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നതിന്റെ ഓര്‍മ്മ പങ്കുവച്ച് നല്ല കര്‍ഷകര്‍ ഉണ്ടെങ്കില്‍ മാത്രമേ നാട്ടില്‍ സമൃദ്ധി ഉണ്ടാവുകയുള്ളൂ എന്നും സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും അത് കാര്‍ഷികവൃത്തിക്ക് പകരമാവുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

പാലാ രൂപതയുടെ ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ അടുക്കളത്തോട്ട മത്സരത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരം കുടുംബങ്ങളെ പങ്കെടുപ്പിക്കാനാണ് കത്തോലിക്ക കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കാര്‍ഷിക സംസ്‌കാരം എല്ലാവരിലും എത്തിക്കാനും, പുതു തലമുറയെ കൃഷി പരിചയ പ്പെടുത്തുന്നതിനും, പച്ചക്കറി ഉത്പാദന മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിനുമാണ് ഈ മത്സരം.

ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്ന ഈ മത്സരങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. രൂപത പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, ജോയി കെ മാത്യു കണിപറമ്പില്‍, ടോമി കണ്ണീറ്റുമാലില്‍, ആന്‍സമ്മ സാബു, സി എം ജോര്‍ജ്, പയസ് കവളംമാക്കല്‍, ജോണ്‍സണ്‍ ചെറുവള്ളി, സാബു പൂണ്ടിക്കുളം, ജോബിന്‍ പുതിയിടത്തു ചാലില്‍, ബെന്നി കിണറ്റുകര, രജേഷ് പാറയില്‍, എഡ്വിന്‍ പാമ്പാറ, ലിബി മണിമല തുടങ്ങിയവര്‍ സംസാരിച്ചു

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org