കാര്‍ഷിക പ്രതിസന്ധി രൂക്ഷമാകുന്നു; ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധം: ഇന്‍ഫാം

കാര്‍ഷിക പ്രതിസന്ധി രൂക്ഷമാകുന്നു; ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധം: ഇന്‍ഫാം

കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുമ്പോള്‍ സംഘടിത കര്‍ഷക മുന്നേറ്റം അനിവാര്യമാണെന്നും ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കേരള കര്‍ഷക സമൂഹം കര്‍ഷക അവകാശദിനമായി പ്രതിഷേധിക്കുമെന്നും ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു.

വന്യമൃഗ അക്രമണങ്ങള്‍, ഭൂപ്രശ്‌നങ്ങള്‍, ഇക്കോ സെന്‍സിറ്റീവ് സോണ്‍, കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച, കര്‍ഷക കടക്കെണി എന്നിവ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികള്‍ പരിഹാര നടപടികളില്ലാതെ തുടരുന്നത് ശക്തമായി എതിര്‍ക്കേണ്ടിവരുമെന്ന് ദേശീയ സമിതി ഉദ്ഘാടനം ചെയ്ത് ഇന്‍ഫാം രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ആരെയും എതിര്‍ത്ത് തോല്‍പ്പിക്കാനല്ല, പിറന്നു വീണ മണ്ണില്‍ അന്തസ്സോടെ ജീവിക്കാനാണ് കര്‍ഷകര്‍ പോരാടുന്നതെന്നും കര്‍ഷകരുടെ നിലനില്‍പ്പിനായുള്ള ഈ പോരാട്ടത്തില്‍ പൊതുസമൂഹമൊന്നാകെ പങ്കുചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന കര്‍ഷക ദിനാചരണം കാര്‍ഷിക മേഖലയ്ക്ക് ഇക്കാലമത്രയും യാതൊരു നേട്ടവുമുണ്ടായിട്ടില്ലെന്നും കഷ്ടപ്പാടും നഷ്ടങ്ങളും കൊണ്ട് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇന്‍ഫാം വിലയിരുത്തി. ചിങ്ങം ഒന്നിലെ കര്‍ഷക അവകാശദിന പ്രതിഷേധങ്ങളില്‍ കേരളത്തിലെ എല്ലാ കര്‍ഷകസംഘടനകളും പങ്കുചേരണമെന്ന് ഇന്‍ഫാം ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. അന്നേദിവസം കേരളത്തിലെ 1000 കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവകാശദിന പ്രതിഷേധ സദസ്സുകള്‍ ചേരും. ഇതിനു മുന്നോടിയായി ജില്ലാതല സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്ന് ദേശീയ ഡയറക്ടര്‍ ഫാ.ജോസഫ് ചെറുകരക്കുന്നേല്‍ അറിയിച്ചു.

ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍, ഫാ. ജോസഫ് കാവനാടി. ഫാ. ജോസ് തറപ്പേല്‍, മാത്യു മാമ്പറമ്പില്‍, അഡ്വ. പി.എസ്. മൈക്കിള്‍, ബേബി പെരുമാലില്‍, ജോസഫ് കരിയാങ്കല്‍, സ്‌കറിയ നെല്ലംകുഴി എന്നിവര്‍ സംസാരിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കുചേരുന്ന കേരളത്തില്‍ നിന്നുള്ള വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ക്ക് ദേശീയ സമിതി അഭിവാദ്യവും പിന്തുണയും പ്രഖ്യാപിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org