

ദൈവദാസൻ ആർച്ചുബിഷപ്പ് അലോഷ്യസ് മരിയ ബെൻസിർ പിതാവിന്റെ 126-ാം മെത്രാഭിഷേക വാർഷികം തിരുവനന്തപുരം കാർമൽ ഹിൽ ആശ്രമദേവാലയത്തിൽ നടത്തപ്പെട്ടു. ഇതോടനുബന്ധിച്ചു നടന്ന അനുസ്മരണദിവ്യബലിയിൽ കാർമൽ ഹിൽ ഫിലോസഫി കോളേജ് പ്രൊഫസർ റവ. ഡോ കുര്യൻ ആലുങ്കൽ മുഖ്യകാർമികത്വം വഹിച്ചു. ഡോ. പാസ്കൽ കോറോത് ഒ.സി.ഡി., ഫാ. ആൽബിൻ മഠത്തിപ്പറമ്പിൽ ഒ.സി.ഡി എന്നിവർ ദിവ്യബലിയിൽ സഹകാർമികരായിരുന്നു. ഫാ. പാസ്കൽ കോറോത് അനുസ്മരണസന്ദേശം നൽകി. തുടർന്ന് കബറിടത്തിൽ പ്രാർത്ഥനയും നടന്നു.
ദൈവദാസൻ ബെൻസിർ പിതാവിന്റെ വിശുദ്ധപദവിക്കായി പ്രാർത്ഥിക്കുന്നതിനും മാധ്യസ്ഥം തേടുന്നതിനും നിരവധിപേർ ദിവ്യബലിയിൽ പങ്കെടുത്തു.