ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേള മൂന്നാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) മേഴ്‌സി സ്റ്റീഫന്‍, ഫാ. സുനില്‍ പെരുമാനൂര്‍, എബിനി അബ്രാഹം, റ്റി.സി റോയി, റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ബിജു വലിയമല, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സമീപം.
കുറഞ്ഞ മുതല്‍ മുടക്കുള്ള വരുമാന സംരംഭകത്വ പദ്ധതികളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സാധിക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേള മൂന്നാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മുന്‍കൂട്ടിയുള്ള വ്യക്തമായ ആസൂത്രണവും തയ്യാറെടുപ്പുകളും നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. ലോണ്‍മേള മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിവിധങ്ങളായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ചെയ്യുന്നതിന് പത്ത് ലക്ഷം രൂപായാണ് കെ.എസ്.എസ്.എസ് ലഭ്യമാക്കിയത്.