

കാഞ്ഞൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ 1025-ാം വർഷ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1500-ഓളം വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനമായ ‘വിശുദ്ധ ദർശനം’ സംഘടിപ്പിച്ചു.
സിയോൺ പാരിഷ് ഹാളിൽ മൂന്ന് ദിവസം നീണ്ടുനിന്ന പ്രദർശനം അഭിവന്ദ്യ മാർ തോമസ് ചക്യത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. ഇടവകയ്ക്കകത്തും പുറത്തുമുള്ള നിരവധി വിശ്വാസികൾ തിരുശേഷിപ്പുകൾ വണങ്ങുന്നതിനായി പള്ളിയിലെത്തി.
വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം തിരുശേഷിപ്പുകൾ വണങ്ങുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. വിശുദ്ധരുടെ അസ്ഥികൾ, മാംസം, മുടി, തൊലി, രക്തം, വിശുദ്ധർ ഉപയോഗിച്ച വസ്തുക്കൾ, അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ, വിശുദ്ധരുടെ കല്ലറകളിൽ സ്പർശിപ്പിച്ച പൂജ്യവസ്തുക്കൾ തുടങ്ങിയവയാണ് പ്രദർശനത്തിൽ വണക്കത്തിനായി ഒരുക്കിയിരുന്നത്. ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചുകൊടുത്തു.
ഓരോ ഞായറാഴ്ചയും വിശുദ്ധരുടെ വേഷം ധരിച്ച് സഹപാഠികൾ അവതരിപ്പിച്ചിട്ടുള്ള വിശുദ്ധരുടെയും വായിച്ചും കേട്ടും പരിചയപ്പെട്ട വിശുദ്ധരുടെയും തിരുശേഷിപ്പുകൾ ഇത്രയധികം ഒരുമിച്ച് കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം വിദ്യാർത്ഥികൾ പങ്കുവെച്ചു. വിശുദ്ധരെക്കുറിച്ചുള്ള അറിവ് കൂടുതൽ ആഴത്തിലാക്കാനും വിശ്വാസജീവിതത്തിന് പ്രചോദനം നേടാനും ഈ പ്രദർശനം കുട്ടികൾക്ക് അവസരമായി.
വിശ്വാസപരിശീലന വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഫാ. അമൽ പെരിയപ്പാടൻ, പ്രധാനാധ്യാപകൻ സിനു പുത്തൻപുരയ്ക്കൽ, സെക്രട്ടറി സി. ഷാലി റോസ്, വിശ്വാസപരിശീലകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.