ഐഎസ് ഭീകരര്‍ ഫ്രഞ്ച് വൈദികനെ വധിച്ചു

ഐഎസ് ഭീകരര്‍ ഫ്രഞ്ച് വൈദികനെ വധിച്ചു
Published on

ഫ്രാന്‍സില്‍ വി. കുര്‍ബാന നടക്കുന്നതിനിടെ പള്ളിയില്‍ കയറി നാലു വിശ്വാസികളെയും വൈദികനെയും ബന്ദികളാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ വൈദികനെ കഴുത്തറത്തു കൊന്നു. എണ്‍പത്തിനാലുകാരനായ ഫാ. ഷാക് ഹാമെല്‍ ആണു ക്രൂരമായ വിധത്തില്‍ കൊല്ലപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പ അക്രമത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അക്രമികളെ പോലീസ് പിന്നീടു വെടിവച്ചു കൊന്നു. ബന്ദിയാക്കപ്പെട്ടവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ദൈവസ്നേഹം പ്രഘോഷിക്കപ്പെടുന്ന വിശുദ്ധസ്ഥലത്ത് ഇത്രയും ഹീനമായ അക്രമം നടന്നതില്‍ വത്തിക്കാന്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി. ഈ പള്ളിയുള്‍പ്പെടുന്ന റോവെന്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ് ഡൊമിനിക്ലെ ബ്രണ്‍ ഇപ്പോള്‍ ആഗോള യുവജനദിനാഘോഷവുമായി ബന്ധപ്പെട്ടു പോളണ്ടിലാണ്. സന്മനസ്സുള്ള സകലര്‍ക്കുമൊപ്പം ദൈവത്തെ വിളിച്ചു കരയുവിന്‍ എന്നായിരുന്നു ആര്‍ച്ചുബിഷപ്പിന്‍റെ പോളണ്ടില്‍ നിന്നുള്ള ആദ്യത്തെ പ്രതികരണം. പ്രാര്‍ത്ഥനയുടെയും സാഹോദര്യത്തിന്‍റേതുമല്ലാത്ത ആയുധങ്ങളൊന്നും കത്തോലിക്കാസഭയുടെ പക്കലില്ലെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. ഒരിക്കലും അക്രമത്തിന്‍റെ പാത തിരഞ്ഞെടുക്കരുതെന്നും സ്നേഹസംസ്കാരത്തിന്‍റെ അപ്പസ്തോലന്മാരാകണമെന്നും പോളണ്ടിലുള്ള യുവജനങ്ങളെ ആര്‍ച്ചുബിഷപ് ആഹ്വാനം ചെയ്തു.
ജൂലൈ 14-നാണ് ഫ്രാന്‍സിലെ നീസില്‍ നടന്ന ആക്രമണത്തില്‍ എണ്‍പത്തിനാലു പേര്‍ കൊല്ലപ്പെട്ടത്. 2015 നവംബറില്‍ പാരീസില്‍ നടന്ന ആ ക്രമണങ്ങളില്‍ നൂറ്റിമുപ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയിലേയ്ക്കു കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു നേരത്തെ പോലീസ് പിടിയിലായിട്ടുള്ള ഒരു പത്തൊമ്പതുകാരനാണ് ഒരു അക്രമി എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയ്സ് ഹോളാന്‍ഡ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org